ആറ് കോടി വർഷം മുമ്പുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി; മുട്ടക്കുള്ളിൽ ചുരുണ്ടുകൂടിയ നിലയിൽ
text_fieldsഏകദേശം 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയിൽ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്.
ചൈനയിലെ ഗാങ്സോ മേഖലയിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. കുറഞ്ഞത് 66 ദശലക്ഷം വർഷം പഴക്കമാണ് കണക്കാക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഭ്രൂണമാണ് ഇതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോൺ വൈസം മാ പറയുന്നു.
പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്‍റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്‍റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. 'ബേബി യിങ് ലിയാങ്' എന്നാണ് ഭ്രൂണത്തിന് ഇവർ പേരിട്ടിരിക്കുന്നത്.
ദിനോസറുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഇപ്പോൾ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. മുട്ടക്കുള്ളിൽ പ്രത്യേക രീതിയിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. 'ടക്കിങ്' എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. പക്ഷിക്കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇതേ രീതിയിലാണ് കാണപ്പെടാറ്. ആധുനിക കാലത്തെ പക്ഷികളുടെ ഇത്തരം സവിശേഷതകൾ അവരുടെ ദിനോസർ പൂർവികരിൽ നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ഡോ. വൈസം മാ പറയുന്നു.
'മുട്ടക്കള്ളൻ പല്ലികൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒവിറാപ്റ്റോറൊസറസ് ദിനോസറുകൾ തൂവലുകളുള്ളവയായിരുന്നു.
66 മുതൽ 100 ദശലക്ഷം വർഷം വരെയുള്ള ക്രറ്റേഷ്യസ് കാലഘട്ടത്തിന്‍റെ അവസാനത്തിൽ ഇന്നത്തെ ഏഷ്യ, വടക്കേ അമേരിക്ക മേഖലകളിൽ ഇവ ജീവിച്ചിരുന്നുവെന്നാണ് കണക്കാക്കുന്നത്.
'ഏറ്റവും അതിശയകരമായ ദിനോസർ ഫോസിലുകളിൽ ഒന്ന്' എന്നാണ് ഗവേഷക സംഘത്തിലെ ഫോസിൽ പഠന ശാസ്ത്രജ്ഞനായ പ്രഫ. സ്റ്റീവ് ബ്രുസാറ്റെ ട്വീറ്റ് ചെയ്തത്.
(സാങ്കൽപ്പിക ചിത്രം)
തലമുതൽ വാലുവരെ 27 സെ.മീ (10.6 ഇഞ്ച്) നീളമുള്ള ദിനോസർ ഭ്രൂണം 6.7 ഇഞ്ച് നീളമുള്ള മുട്ടക്കുള്ളിലായിരുന്നു സംരക്ഷിക്കപ്പെട്ടത്. 2000ൽ കണ്ടെത്തിയ ഈ ദിനോസർ മുട്ട യിങ് ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തിലായിരുന്നു ഉണ്ടായിരുന്നത്. മ്യൂസിയം നവീകരണത്തിന്‍റെ ഭാഗമായി പഴയ ഫോസിലുകൾ വേർതിരിക്കുമ്പോഴാണ് ഈ മുട്ട വീണ്ടും ശ്രദ്ധയിൽപെടുന്നത്. മുട്ടക്കുള്ളിൽ ഭ്രൂണമുണ്ടെന്ന നിഗമനത്തിൽ കൂടുതൽ പഠനങ്ങൾ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.