ഓമനിച്ചു വളർത്തി ഒടുവിൽ ഉപേക്ഷിക്കല്ലേ..!ചെഞ്ചെവിയൻ ആളൊരു അപകടകാരി; കേരളത്തിൽ വ്യാപകമാവുന്നു
text_fieldsഇടുക്കി: ആവാവ്യവസ്ഥയെ നശിപ്പിക്കുന്ന ചെഞ്ചെവിയൻ ആമകൾ സംസ്ഥാനത്ത് വ്യാപകമാകുന്നു. കേരളത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിന്നായി അനവധി ചെഞ്ചെവിയൻ ആമകളാണ് വനം വകുപ്പ് ഓഫീസുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ശനിയാഴ്ച്ച തൊടുപുഴക്ക് സമീപം മുട്ടത്ത് നിന്നും ഒരു കിലോയോളം തൂക്കം വരുന്ന ആമയെ ലഭിച്ചതാണ് അവസാന സംഭവം. ആഴ്ചകൾക്ക് മുമ്പ് രണ്ട് ആമകളെ കൂടി മുട്ടം വനം വകുപ്പിന് ലഭിച്ചിരുന്നു.
ശങ്കരപ്പിള്ളി മഠത്തിപ്പറമ്പിൽ രാഹുലിനാണ് മുട്ടത്ത് നിന്നും ആമയെ ലഭിച്ചത്. മീൻപിടിക്കുന്നതിനായി വലവീശിയപ്പോൾ കുടുങ്ങുകയായിരുന്നു. വിദേശിയായ ടി സ്ക്രിപ്റ്റ എന്ന ഇനത്തിൽ പെട്ട ഈ ആമ വീടുകളിൽ വളർത്തുന്നതിനായി കൊണ്ടുവന്നശേഷം ജലാശയത്തിൽ ഉപേക്ഷിച്ചതായാണ് കണക്കാക്കുന്നത്.
ആമയെ വനഗവേഷണ കേന്ദ്രത്തിന് കൈമാറുമെന്ന് വനപാലകർ അറിയിച്ചു. ധാരാളം പെറ്റുപെരുകുന്ന ചെഞ്ചവിയൻ ആമ ജലാശയത്തിലെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്നാണ് അധികൃതർ പറയുന്നത്. നല്ല ഭംഗിയുള്ള ആമകൾക്ക് മഞ്ഞയും പച്ചയും നിറങ്ങളാണ്. കണ്ണിനു പിറകിലെ ചുവന്നവരകളാണ് ഇവടെ ചെഞ്ചെവിയൻ എന്നു വിളിക്കാൻ കാരണം. വീടുകളിലും അക്വേറിയങ്ങളിലും ഇവയെ വളർത്താറുണ്ട്.
ചെറുതായിരിക്കുമ്പോൾ കൈ വിരലിെൻറ അത്രമാത്രം വലിപ്പമുള്ള ചെഞ്ചെവിയൻ ആമ ചുരുങ്ങിയ കാലം കൊണ്ട് വലിപ്പം വെക്കും. അതോടെ ആളുകൾ അവയെ തോട്ടിലോ കിണറ്റിലോ ഉപേക്ഷിക്കാറാണ് പതിവ്. ഭക്ഷണമായി ഉപയോഗിക്കാത്തതിനാൽ ഇവ ദീർഘകാലം ജീവിക്കുകയും അനേകം കുഞ്ഞുങ്ങൾക്ക് ജൻമമേകുകയും ചെയ്യും.
നമ്മുടെ ജലാശയങ്ങൾ കീഴടക്കാൻ ചെഞ്ചെവിയന് അധിക കാലം വേണ്ടിവരില്ല. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ നാടൻ ആമകൾക്ക് പകരം ചെഞ്ചെവിയൻ ആമകൾ നിറയും. ജലത്തിലെ മുഴുവൻ സസ്യജാലങ്ങൾക്കും നാടൻ ആമകൾക്കും മൽസ്യങ്ങൾക്കും തവളകൾക്കുമെല്ലാം ഇവൻ ഭീഷണിയാണ്. കുട്ടികൾക്കടക്കം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഈ ആമ വർഗ്ഗത്തെ മിക്ക രാജ്യങ്ങളും നശിപ്പിക്കുകയാണ് ചെയ്യുന്നത്.
വീടുകളിൽ ചെഞ്ചെവിയൻ ആമകൾ ഉള്ളവർ ഒരു കാരണവശാലും അവയെ ചുറ്റുപാടിലേക്കോ ജലാശയങ്ങളിലേക്കോ ഉപേക്ഷിക്കാതിരിക്കണമെന്നും പകരം തൊട്ടടുത്ത വനം ഓഫീസിൽ ഏൽപിക്കാനുമാണ് വിദഗ്ധോപദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.