റഷ്യയുടെ ‘നക്ഷത്ര’ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു
text_fieldsമോസ്കോ: ആകാശത്ത് നക്ഷത്രങ്ങളേക്കാൾ തിളക്കമുള്ള ഉപഗ്രഹം വിക്ഷേപിക്കാൻ റഷ്യ ഒരുങ്ങുന്നു. റഷ്യൻ സ്പേസ് ഏജൻസിയാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. തിളങ്ങുന്ന പോളിമറുകൾകൊണ്ട് നിർമിക്കപ്പെട്ട ഉപഗ്രഹം സൂര്യപ്രകാശത്തിെൻറ സഹായത്തോടെ രാത്രിയിൽ ആകാശത്ത് തിളങ്ങിക്കൊണ്ടിരിക്കുമെന്നും റഷ്യയുടെ വക ആകാശത്ത് ഒരു കൊച്ചു നക്ഷത്രം ഉദയം ചെയ്യുമെന്നുമാണ് റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
അതേ സമയം, രാത്രികാല ആകാശത്തിെൻറ സ്വാഭാവികതയെ ഉപഗ്രഹത്തിെൻറ സാന്നിധ്യം നശിപ്പിക്കുമെന്ന് ചില ജ്യോതിശ്ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
ഉപഗ്രഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതോടെ എതിർപ്പുമായി നിരവധി ജ്യോതിശ്ശാസ്ത്രജ്ഞരാണ് രംഗത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ കീൽഡർ ഒബ്സർവേറ്ററി എന്ന ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ നിക് ഹൗസ് ഇതിനെതിരെ ശക്തമായ എതിർപ്പാണ് ഉയർത്തിയിരിക്കുന്നത്. ഉപഗ്രഹത്തിെൻറ സാന്നിധ്യം ഭൂമിയിലെ രാത്രിയുടെ സ്വാഭാവികത ഇല്ലാതാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഉപഗ്രഹം ജൂലൈ 14ന് കസാഖ്സ്താനിലെ ബൈക്കനൂർ കോസ്മോഡോമിൽനിന്ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സോയൂസ്- 2 റോക്കറ്റിെൻറ സഹായത്തോടെയാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഭൂമിയോട് ഏറ്റവും ചേർന്നുകിടക്കുന്ന ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന ഉപഗ്രഹത്തിൽനിന്നുള്ള വെളിച്ചം വലിയതോതിൽ ഭൂമിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുടിനാരിഴയേക്കാൾ നേർത്ത പോളിമറുകൾകൊണ്ട് പുറംഭാഗം നിർമിച്ചിരിക്കുന്ന ഉപഗ്രഹത്തെ ‘ബീക്കൺ’ എന്നാണ് റഷ്യൻ ജ്യോതിശ്ശാസ്ത്രജ്ഞന് വിശേഷിപ്പിക്കുന്നത്. മോസ്കോയിലെ യൂനിവേഴ്സിറ്റി ഒാഫ് മെക്കാനിക്കൽ എൻജിനീയറിങ്ങിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഉപഗ്രഹത്തിെൻറ നിർമാണം. ഉപഗ്രഹം ചന്ദ്രനെ പോലെ തിളങ്ങുമെന്ന് ചില റഷ്യൻ ശാസ്ത്രജ്ഞൻമാർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.