'ശീതയുദ്ധം' ആകാശത്തേക്കും; യു.എസ് പങ്കാളിയായ അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടാൻ റഷ്യ
text_fields
മോസ്കോ: റഷ്യക്കും യു.എസിനുമിടയിൽ അടുത്തിടെ വീണ്ടും ശക്തിയാർജിച്ച പോര് പുതിയ തലങ്ങളിലേക്ക്. രണ്ടു പതിറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന ബഹിരാകാശ ദൗത്യമായ അന്താരാഷ്ട്ര ബഹിരാകാശ നിലയ (െഎ.എസ്.എസ്) വുമായി ബന്ധം പതിയെ വിടാൻ റഷ്യ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ അനുമതി നൽകി. 2030 ഓടെ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് റോസ്കോസ്മോസ് ബഹിരാകാശ ഏജൻസി അറിയിച്ചു.
1998ൽ ബഹിരാകാശത്തെത്തിയ ഐ.എസ്.എസിൽ റഷ്യ- യു.എസ് രാഷ്ട്രങ്ങൾക്കു പുറമെ മറ്റു 16 രാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞരും പ്രവർത്തിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഏറ്റവുമടുത്ത സൗഹൃദം നിലനിൽക്കുന്ന ഏക മേഖലയാണിത്. 2025ഓടെ ഐ.എസ്.എസ് വിടാനാണ് റഷ്യൻ തീരുമാനം. പങ്കാളി രാഷ്ട്രങ്ങൾക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് വ്യക്തമാക്കി.
സ്ഥിരമായി ആളുകളെ വെച്ചുള്ള നിലയമല്ല, റഷ്യ നിർമിക്കുക. ഇടവിട്ട് സന്ദർശനം നടത്തുക മാത്രമാകും ചെയ്യുക. പകരം നിർമിത ബുദ്ധിയും റൊബോട്ടുകളുമാകും പതിവു ജോലികൾ പൂർത്തിയാക്കുക. 600 കോടി ഡോളറാണ് നിർമാണ തുക കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.