വിയർപ്പും കണ്ണീരും രക്തവും ചേർത്തൊരു 'കോൺക്രീറ്റ്'; മനുഷ്യന്‍റെ ചൊവ്വാ സ്വപ്നത്തിന് കരുത്തേകുമെന്ന് ഗവേഷകർ
text_fieldsഭൂമി കഴിഞ്ഞാൽ മനുഷ്യന്‍റെ സ്വപ്നഭൂമിയാണ് ചൊവ്വാ ഗ്രഹം. വരുംകാലം ചൊവ്വയിൽ മനുഷ്യൻ കോളനികൾ നിർമിച്ച് അധിവസിച്ചു തുടങ്ങുമെന്നാണ് ശാസ്ത്രം പ്രവചിക്കുന്നത്. അതിന്‍റെ മുന്നോടിയായി ഗവേഷണ പര്യവേക്ഷണങ്ങൾ പുരോഗമിക്കുന്നു. ചൊവ്വയിൽ കോളനി നിർമിക്കാൻ മനുഷ്യന്‍റെ രക്തവും വിയർപ്പും കണ്ണുനീരും ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ.
ബഹിരാകാശത്തെ പൊടിപടലങ്ങളും ബഹിരാകാശ ഗവേഷകരുടെ രക്തവും വിയർപ്പും കണ്ണുനീരും ചേർത്താണ് ഇവർ കോൺക്രീറ്റിന് സമാനമായ വസ്തു നിർമിച്ചത്. 'മാർഷിയൻ കോളനികൾ' നിർമിക്കാൻ ഈ കണ്ടുപിടിത്തം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
ഭൂമിയിൽ നിന്ന് ഒരു ഇഷ്ടിക ചൊവ്വയിലെത്തിക്കണമെങ്കിൽ രണ്ട് മില്യൺ യു.എസ് ഡോളർ ചെലവ് വരും. ഇത് ചൊവ്വാ പര്യവേക്ഷണങ്ങളെ ചെലവേറിയതാക്കുന്നുണ്ട്. പുതിയ കണ്ടുപിടിത്തത്തിൽ, ബഹിരാകാശ യാത്രികന്‍റെ രക്തവും വിയർപ്പും കണ്ണുനീരും ചേർത്ത് കോൺക്രീറ്റ് നിർമിക്കാം. രക്തത്തിലെ സെറം ആൽബുമിൻ, വിയർപ്പിലും കണ്ണീരിലും മൂത്രത്തിലും അടങ്ങിയ യൂറിയ എന്നിവ ചൊവ്വയിലെ മണ്ണുമായി ചേർത്താണ് കോൺക്രീറ്റിനെക്കാൾ കട്ടിയേറിയ പദാർത്ഥം സൃഷ്ടിക്കുന്നത്. 'ആസ്ട്രോക്രീറ്റ്' എന്നാണ് ഇവർ ഇതിന് പേരിട്ടിരിക്കുന്നത്.
ആറ് ചൊവ്വാ യാത്രികർ രണ്ട് വർഷം പര്യവേക്ഷണം നടത്തുമ്പോൾ 500 കിലോ ഗ്രാം ആസ്ട്രോക്രീറ്റ് നിർമിക്കാനാകുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്. ഭാവിയിൽ തുടർച്ചയായി ചൊവ്വാ ദൗത്യങ്ങൾ വരുമ്പോൾ ഉൽപ്പാദനം വർധിപ്പിക്കാനുമാകും. ഇത് കോളനികളുടെ നിർമാണത്തിന് ഉപയോഗിക്കാനാകും.
ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള ഗവേഷണങ്ങൾ വർഷങ്ങളായി തുടരുന്നുണ്ട്. ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വർഷങ്ങളായി മനുഷ്യന്‍റെ ചൊവ്വാ പര്യവേക്ഷണത്തിനായുള്ള പരീക്ഷണങ്ങളിലാണ്. ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെയും 100 ടണ്ണിലധികം ഭാരം വഹിക്കുന്ന കാർഗോയും വഹിച്ചു പോകാനുള്ള ഭീമൻ റോക്കറ്റിന്‍റെ നിർമാണത്തിലാണ്. സ്പേസ് എക്സ് നിർമിക്കുന്ന സ്റ്റാർഷിപ്പിന്‍റെ സെപ്റ്റംബർ 16ലെ പരീക്ഷണ പറക്കൽ ഭാഗികമായി വിജയിച്ചിരുന്നു. നാല് യാത്രികരെയും വഹിച്ചുള്ള സ്പേസ് എക്സ് പേടകം മൂന്ന് ദിവസത്തെ ബഹിരാകാശ യാത്രക്കൊടുവിൽ വിജയകരമായി തിരിച്ചെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. നാസയുടെത് ഉൾപ്പെടെ വിവിധ ദൗത്യങ്ങൾ ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.