ചന്ദ്രനിൽ ജീൻ ബാങ്ക് ഒരുക്കി മനുഷ്യവംശം കാക്കാൻ ശാസ്ത്രജ്ഞർ; ലക്ഷക്കണക്കിന് ബീജവും അണ്ഡവും ചന്ദ്രനിലേക്ക്
text_fields
വാഷിങ്ടൺ: നിരന്തരം ദുരന്തമുഖങ്ങൾ തുറക്കുന്ന ഭൂമിക്ക് ആയുസ്സ് ഇനിയെത്ര നാൾ? മഹാപ്രളയങ്ങളും ഭൂചലനങ്ങളും സൂനാമികളും തുടങ്ങി ഭൂമിയെ ഒന്നായി വിഴുങ്ങാൻ പരിസ്ഥിതി നാശം വരെ വാ പിളർത്തി നിൽക്കുന്ന കാലത്ത് മനുഷ്യ വംശം ഭൂമിക്കൊപ്പം ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന് ഏറ്റവും ഭയക്കുന്നത് ശാസ്ത്രജ്ഞർ. അത്തരമൊരു സാധ്യത ഒഴിവാക്കാൻ പദ്ധതികൾ പലത് അരങ്ങിൽ സജീവമാണ്. എന്നാൽ, സമാന സ്വഭാവമുള്ള ഏറ്റവും പുതിയ വർത്തമാനമാണ് കൂടുതൽ കൗതുകകരം.
സൗരയൂഥത്തിൽ ഭൂമിയല്ലാത്ത മറ്റു ഗ്രഹങ്ങളിൽ മനുഷ്യവാസ സാധ്യത ചികയുംമുമ്പ് പൂർത്തിയാക്കേണ്ട ദൗത്യം മറ്റൊന്നാണെന്ന് പറയുന്നു, യു.എസിലെ അരിസോണ യൂനിവേഴ്സിറ്റി എയ്റോസ്പേസ് ആന്‍റ് മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം അസി. പ്രഫസർ ജെകൻ താങ്ക. 'ആധുനിക ആഗോള ഇനുഷുറൻസ് പോളിസി' എന്നുപേരിട്ട പദ്ധതി പ്രഖ്യാപിച്ച് ഏകദേശം 67 ലക്ഷം ബീജവും അണ്ഡവും ചന്ദ്രനിലെത്തിക്കുകയാണ് ഒന്നാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. അവിടെ അതുവഴി ബീജ ബാങ്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. മനുഷ്യന്‍റെ മാത്രമല്ല, മറ്റു ജീവിജാലങ്ങളുടെയും ബീജം ശേഖരിച്ചു സൂക്ഷിക്കാനാണ് പദ്ധതി.
കാലാവസ്ഥ വ്യതിയാനം അതിവേഗം രൂക്ഷമാകുകയും ഭൂമിക്ക് എന്തും സംഭവിക്കാവുന്ന സാഹചര്യം ഡെമോക്ലസിന്‍റെ വാളായി തൂങ്ങിനിൽക്കുകയും ചെയ്യുേമ്പാൾ ഇത് ഗൗരവത്തോടെ നടപ്പാക്കണെമന്നാവശ്യപ്പെട്ട് യൂടൂബ് വിഡിയോയിലാണ് താങ്ക രംഗത്തെത്തിയിരിക്കുന്നത്. ബീജവും അണ്ഡവും അതിവേഗം നശിക്കുന്നവയായതിനാൽ സൂക്ഷിക്കാനാവശ്യമായ സുരക്ഷാസംവിധാനങ്ങളും വേണം. ബീജവും അണ്ഡവും കുഴിയെടുത്ത് അടിയിൽ സൂക്ഷിക്കണം. 80-100 മീറ്റർ താഴ്ചയിലുള്ള കുഴികളാകണം ഇതിനായി എടുക്കേണ്ടത്. ഇങ്ങനെ സൂക്ഷിച്ചാൽ, ഒരുനാൾ ഭൂമി നശിച്ചാലും മനുഷ്യ ജീവൻ മറ്റൊരിടത്ത് വളർത്താൻ ചെറിയ സാധ്യത തുറക്കുകയാണെന്ന് താങ്ക പറയുന്നു.
ഭൂമിയിലെ കൃഷിനാശ സാധ്യത കണ്ടറിഞ്ഞ് സ്വാൽബാർഡ് ആഗോള വിത്ത് സംരക്ഷണ നിലവറ നോർവേക്കു സമീപം സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ സ്ഥാപിച്ചതിനു സമാനമാണ് പുതിയ ദൗത്യം. ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1300 കിലോമീറ്റർ അകലെയാണ് ഇത്. ലോകമെമ്പാടുമുള്ള ജീൻ ബാങ്കുകളിൽ സൂക്ഷിച്ചി വിത്തുകളുടെ പകർപ്പും അധികമുള്ള വിത്തുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ സംരക്ഷകനായ കാരി ഫൗളറും കൺസൾറ്റേറ്റീവ് ഗ്രൂപ്പ് ഓൺ ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസർച്ച് എന്ന സംഘടനയും ചേർന്നാണ് ഇതിനു രൂപം നൽകിയത്. മല 120 മീറ്റർ ഉള്ളിലേക്ക് തുരന്നാണ് വിത്തു നിലവറ നിർമ്മിച്ചത്. കടലിൽ നിന്ന് 430 അടി ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നതിനാൽ മഞ്ഞു മലകൾ ഉരുകിയാലും പ്രദേശം ഉണങ്ങിത്തന്നെ ഇരിക്കും. 45 ലക്ഷം വിത്ത് ഇനങ്ങൾ സൂക്ഷിക്കാൻ ശേഷി സംവിധാനത്തിനുണ്ട്.
പക്ഷേ, ചന്ദ്രനിലെ ബീജ ബാങ്കാകുേമ്പാൾ കാര്യങ്ങൾ സങ്കീർണമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യൻ ചെന്നിറങ്ങിയ ചന്ദ്രനിൽ അടുത്തെങ്ങും വീണ്ടും നിലംതൊട്ടിട്ടില്ല. ഇനി അവിടെ എത്തിയാൽ പോലും അതുകഴിഞ്ഞ് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ അന്തരീക്ഷം എത്രകണ്ട് അനുയോജ്യമാണെന്നും ഇനി പഠിച്ചെടുക്കേണ്ട വിഷയം. ചന്ദ്രൻ മനുഷ്യവാസ യോഗ്യമാണോ എന്നുപോലും ഉറപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.