ശുക്രനിൽ ജീവെൻറ സൂചനകൾ; പുതിയ കണ്ടെത്തലിൽ 'തരിച്ചുപോയി' ശാസ്ത്രജ്ഞർ
text_fieldsവാഷിങ്ടൺ: ശുക്രെൻറ മേഘങ്ങൾക്കുള്ളിൽ ഫോസ്ഫിൻ എന്ന വാതകം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇത് സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിലേക്ക് വിരൽചൂണ്ടുന്നത്. ഭൂമിയിൽ ഫോസ്ഫിൻ നിർമിക്കപ്പെടുന്നത് ഓക്സിജൻ ഇല്ലാത്ത സാഹചര്യങ്ങളിൽ പെരുകുന്ന ബാക്ടീരിയ ആണ്. മൂന്ന് ഹൈഡ്രജൻ ആറ്റങ്ങളും ഒരു ഫോസ്ഫറസ് ആറ്റവും ചേർന്ന ഫോസ്ഫൈൻ ഏറെ വിഷാംശമുള്ള വസ്തുവാണ്.
ശുക്രനിൽ ജീവെൻറ കൃത്യമായ രൂപങ്ങൾ കണ്ടെത്താൻ ഗവേഷകർക്കായിട്ടില്ല. എങ്കിലും പുതിയ കണ്ടെത്തെലിൽ 'തരിച്ചുപോയെ'ന്ന് വെയിൽസ് കാർഡിഫ് സർവകലാശാലയിലെ ഗവേഷകനായ ജെയ്ൻ ഗ്രീവ്സ് പറഞ്ഞു. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് തയാറാക്കിയ പ്രബന്ധം 'നാച്വർ അസ്ട്രോണമി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹവായിയിലെ ജെയിംസ് ക്ലർക്ക് മാക്‌സ്‌വെൽ ടെലിസ്‌കോപ്പ് ഉപയോഗിച്ച് അന്താരാഷ്ട്ര ശാസ്ത്രസംഘമാണ് ആദ്യമായി ഫോസ്ഫൈൻ കണ്ടെത്തിയത്. ചിലിയിലെ അറ്റകാമ ലാർജ് മില്ലിമീറ്റർ / സബ്‌മില്ലിമീറ്റർ അറേ റേഡിയോ ദൂരദർശിനി ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കുകയായിരുന്നു. അന്യഗ്രഹങ്ങളിലെ ജീവൻ സംബന്ധിച്ച് ശാസ്ത്ര ലോകം എന്നും അന്വേഷണത്തിലാണ്.
'ഇത് പ്രധാനമാണ്. കാരണം ഇത് ഫോസ്ഫൈൻ ആണെങ്കിൽ അത് ജീവെൻറ അടയാളമാണ്. അതിനർത്ഥം നമ്മൾ ഒറ്റക്കല്ല എന്നാണ്' -മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മോളിക്യുലർ ജ്യോതി ശാസ്ത്രജ്ഞനും പ്രബന്ധ സഹഎഴുത്തുകാരനുമായ ക്ലാര സൂസ-സിൽവ പറഞ്ഞു.
'ശുക്രെൻറ അന്തരീക്ഷത്തിൽ ഒാരോ ബില്യണിെൻറയും 20 ഭാഗങ്ങളിൽ ഫോസ്ഫിൻ കണ്ടു. അഗ്നിപർവതം, ഉൽക്കകൾ, മിന്നൽ, വിവിധതരം രാസപ്രവർത്തനങ്ങൾ തുടങ്ങിയ ജൈവശാസ്ത്രപരമല്ലാത്ത സ്രോതസ്സുകൾ ഗവേഷകർ പരിശോധിച്ചെങ്കിലും അവയൊന്നും പ്രായോഗികമല്ല. ജീവിതത്തിെൻറ സാന്നിധ്യം സ്ഥിരീകരിക്കുകയോ ബദൽ വിശദീകരണം കണ്ടെത്തുകയോ ചെയ്യുന്നത് വരെ ഗവേഷണം തുടരും' ജെയ്ൻ ഗ്രീവ്സ് പറഞ്ഞു.
ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹമാണ് ശുക്രൻ. ഘടനയിൽ സമാനമാണെങ്കിലും ഭൂമിയേക്കാൾ അൽപ്പം ചെറുതാണ്. സൂര്യനിൽ നിന്നുള്ള രണ്ടാമത്തെ ഗ്രഹമാണിത്. ഭൂമി മൂന്നാമത്തേതുമാണ്.
224.7 ഭൗമദിനങ്ങൾ കൊണ്ടാണ് ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ഗ്രഹം ശുക്രനാണ്.
ഇവിടെ വലിയ തോതിൽ അഗ്നിപർവത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അടുത്ത കാലത്ത് അഗ്നിപർവത പ്രവർത്തനങ്ങൾ നടന്നതിെൻറ തെളിവാണ് അന്തരീക്ഷത്തിലെ സൾഫറിെൻറ സാന്നിധ്യമെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.