ആകാശത്ത് മിണ്ടാതിരിക്കുന്ന ഹബ്ൾ ദൂരദർശിനിയെ ഇനി മറക്കാം; 'മിഴി തുറക്കാൻ' ഒരുങ്ങി നാസയുടെ 'ജെയിംസ് വെബ്'
text_fieldsവാഷിങ്ടൺ: പ്രവർത്തനം നിലച്ച് ആഴ്ചകളായി ബഹിരാകാശത്ത് വെറുതെ കറങ്ങുന്ന ഹബ്ൾ ദൂരദർശിനിയെ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ ഇനിയും വിജയത്തിലെത്താതെ വന്നതോടെ ഇരട്ടി കരുത്തുള്ള 'ജെയിംസ് വെബ്' ആകാശം കീഴടക്കുന്നത് കാത്ത് ശാസ്ത്രലോകം. അടുത്ത നവംബറോടെ വിക്ഷേപണം ചെയ്യുമെന്ന് കരുതുന്ന ജെയിംസ് വെബിെൻറ നിർണായക പരിശോധന വിജയകരമായി പിന്നിട്ടു.
മൂന്നു പതിറ്റാണ്ടായി മനുഷ്യെൻറ ബഹിരാകാശ സ്വപ്നങ്ങൾക്ക് നിറംനൽകിയ നാസയുടെ ഹബ്ൾ ജൂൺ 13നാണ് പാതി കണ്ണടച്ചത്. തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു മാസം കഴിഞ്ഞും വിജയിച്ചിട്ടില്ല.
ചിത്രങ്ങളെടുത്തും വിവരം ശേഖരിച്ചും പ്രവർത്തനക്ഷമമാകേണ്ട ഉപകരണങ്ങളിലേറെയും മൗനത്തിലാണ്. പരമാവധി വേഗത്തിൽ തിരികെ ഓൺലൈനാക്കാൻ ഇപ്പോഴും ശ്രമം തുടരുന്നു.
ഉപരിതലത്തിൽനിന്ന് 653 കിലോമീറ്റർ ഉയരത്തിലാണ് ഹബ്ൾ ഭൂമിയെ വലംവെക്കുന്നത്. ഉയരം കൂടുതലായത് പ്രശ്നമാണെന്ന് നാസ ആസ്ട്രോഫിസിക്സ് ഡയറക്ടർ പോൾ ഹേർട്സ് പറഞ്ഞു.
1990 ഏപ്രിൽ 24നാണ് ഹബ്ൾ ദൂരദർശിനി വിക്ഷേപിച്ചിരുന്നത്. പ്രപഞ്ചത്തെ കുറിച്ച മനുഷ്യെൻറ കാഴ്ചകൾക്ക് ആഴവും വ്യാപ്തിയും കൂട്ടിയ മനോഹര ചിത്രങ്ങളുമായി പതിറ്റാണ്ടുകൾ ഒപ്പംനിന്ന ദൂരദർശിനി അഞ്ചുവട്ടം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇനിയും ഏറെ മുന്നോട്ടുപോകില്ലെന്ന് കണ്ടാണ് ജെയിംസ് വെബ് ടെലസ്കോപിലേക്ക് നാസ തിരിഞ്ഞത്. നിലവിൽ രണ്ടു കമ്പ്യൂട്ടറുകളാണ് ഹബ്ളിനകത്തുള്ളത്. 1980കളിൽ നിർമിച്ചവയായതിനാൽ പുതിയ മാറ്റങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ ശേഷിയില്ലാത്തവയാണവ. ഇതിനു പുറമെയാണ് പ്രധാന കമ്പ്യൂട്ടർ പ്രവർത്തനം നിലക്കുന്നതും.
ഹബ്ളിനെക്കാൾ അനേക ഇരട്ടി ശേഷിയുള്ളതാണ് പുതുതായി തയാറായി വരുന്ന 'ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി'. പകരക്കാരനായി എത്തുന്നതോടെ ലോകത്തെ കുറിച്ച കാഴ്ചകൾ തന്നെ മാറിമറിയും. എല്ലാ ക്ഷീരപഥങ്ങൾക്കകത്തും തമോഗർത്തങ്ങളുണ്ടെന്നാണ് കരുതുന്നത്. അവയെ കുറിച്ച് കൂടുതൽ കാഴ്ചകൾ ഇനി ജെയിംസ് വെബ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.