ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്ന് പേർ പങ്കിട്ടു
text_fieldsസ്റ്റോക്ഹോം: ആഗോള താപനം ഉൾപെടെ ലോകത്തെ ഭീഷണിയുടെ മുനയിൽനിർത്തുന്ന കാലാവസ്ഥാ വിഷയങ്ങളിൽ നിർണായക കണ്ടുപിടിത്തങ്ങൾ നടത്തിയ മൂന്നു പേർക്ക് ഭൗതിക ശാസ്ത്ര നൊബേൽ. ജപ്പാൻ, ജർമൻ, ഇറ്റാലിയൻ ശാസ്ത്രജ്ഞരായ സ്യുകുറോ മനാബേ, േക്ലാസ് ഹാസൽമൻ, ജൊർജിയോ പരീസി എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ഭൗമ കാലാവസ്ഥയെ കുറിച്ചും മനുഷ്യർ എങ്ങനെ അതിനെ സ്വാധീനിക്കുന്നുവെന്നുമുള്ള ധാരണകൾക്ക് അടിത്തറയിട്ടത് മൂവരുമാണെന്ന് നൊബേൽ സമിതി വ്യക്തമാക്കി.
1960കളിൽ ഈ രംഗത്ത് ഗവേഷണം ആരംഭിച്ച മനാബെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് സാന്നിധ്യം വർധിക്കുന്നത് ആഗോള താപനത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് ആദ്യമായി പുറംലോകത്തെ അറിയിച്ചാണ് ശ്രദ്ധ നേടിയത്. അവയിലൂന്നിയാണ് പുതിയകാല കാലാവസ്ഥ മോഡലുകൾ വികസിപ്പിക്കപ്പെടുന്നത്. യു.എസിലെ പ്രിൻസ്ടൺ യൂനിവേഴ്സിറ്റി പ്രഫസറാണ് ജപ്പാൻ ശാസ്ത്രജ്ഞൻ മനാബെ.
കാലാവസ്ഥയുടെ ഇടക്കാല- ദീർഘകാല വ്യതിയാനങ്ങളെ ബന്ധിപ്പിച്ച് 1970കളിൽ ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകനായ ഹാസൽമൻ രൂപം നൽകിയ മാതൃക ആഗോള താപനം കൃത്യമായി പ്രവചിക്കാൻ സഹായിക്കുന്നതാണ്. മനുഷ്യരുടെ ഇടപെടൽ കാലാവസ്ഥയിലും അതുവഴി പരിസ്ഥിതിയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനും അദ്ദേഹം സംവിധാനം വികസിപ്പിച്ചു. പരമാണുക്കൾ മുതൽ ഗ്രഹങ്ങൾ വരെ വിവിധ വലിപ്പത്തിലുള്ള ഭൗതിക സംവിധാനങ്ങളിലെ ക്രമരാഹിത്യവും ചാഞ്ചാട്ടവും തമ്മിലെ പാരസ്പര്യം കണ്ടെത്തിയതിനാണ് ഇറ്റാലിയൻ ശാസ്ത്രജ്ഞനായ പരീസി ആദരിക്കപ്പെട്ടത്.
സ്വീഡിഷ് സയൻസ് അക്കാദമി സെക്രട്ടറി ജനറൽ ഗൊരാൻ ഹാൻസൺ ആണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഒരു കോടി സ്വിഡിഷ് ക്രോണർ (8.5 കോടി രൂപ) ആണ് സമ്മാനത്തുക. ഇതിൽ പകുതി തുക ഹാസൽമൻ, പരീസി എന്നിവർ പങ്കുവെക്കും. പകുതി മനാബേക്കുമാണ്.
ഭൗതികമായ സങ്കീർണ സംവിധാനങ്ങളെ വിശദീകരിക്കാൻ കണ്ടെത്തിയ പുതിയ രീതികൾക്ക് ആദരമാണ് ഫിസിക്സ് പുരസ്കാരമെന്നും അതിൽ മനുഷ്യർക്ക് ഏറ്റവും പ്രധാനം ഭൗമ കാലാവസ്ഥയാണെന്നും നൊബേൽ സമിതി പറഞ്ഞു.
കഴിഞ്ഞ വർഷം തമോഗർത്തങ്ങൾ സംബന്ധിച്ച പഠനത്തിന് റോജർ പെൻറോസ്, റീൻഹാർഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്കായിരുന്നു ഭൗതിക നൊബേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.