'കൈയ്യിൽ രണ്ട് ഡോസ് വാക്സിനുണ്ട്..!' സൂപ്പർമാർക്കറ്റിൽ പോയ നിയമവിദ്യാർഥികൾക്ക് വാക്സിൻ ഓഫറുമായി ഫാർമസിസ്റ്റ്
text_fieldsവാഷിങ്ടൺ: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പെടുക്കാൻ പല രാജ്യങ്ങളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഡേറ്റ് ഒത്തുവന്നാൽ തന്നെ ചിലപ്പോൾ ക്യൂ പാലിച്ച് അവസരത്തിന് വേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിയും വന്നേക്കും. എന്നാൽ, സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയ വാഷിങ്ടൻ സ്വദേശികളായ രണ്ട് സുഹൃത്തുക്കൾക്ക് മോഡേണയുടെ കേവിഡ് 19 വാക്സിൻ ലഭിച്ചു. അതും, ഒരു ഫാർമസിസ്റ്റ് വാക്സിൻ ഇങ്ങോട്ട് വാഗ്ദാനം ചെയ്യുകയായിരുന്നു.
നിയമ വിദ്യാർഥികളായ മക്മില്ലനും അദ്ദേഹത്തിെൻറ സുഹൃത്തും വാഷിങ്ടൺ ഡിസിയിലെ ജയൻറ് സൂപ്പർമാർക്കറ്റിൽ ഗ്രോസറി സാധനങ്ങൾ വാങ്ങാൻ ചെന്നതായിരുന്നു. അവിടെ വെച്ച് ഒരു ഫാർമസിസ്റ്റ് അവരെ സമീപിച്ചുകൊണ്ട് ചോദിച്ചു.. '' എെൻറ കൈയ്യിൽ രണ്ട് ഡോസ് വാക്സിനുണ്ട്. ആർക്കെങ്കിലും അത് നൽകിയിട്ടില്ലെങ്കിൽ എനിക്ക് അത് ഉപേക്ഷിക്കേണ്ടി വന്നേക്കും. പത്ത് മിനിട്ടിനുള്ളിൽ ഞങ്ങൾ ക്ലോസ് ചെയ്യും.. നിങ്ങൾക്ക് മോഡേണ വാക്സിൻ വേണോ...?? ആശ്ചര്യത്തോടെ ഇരുവരും അതിന് സമ്മതിക്കുകയും ചെയ്തു. 2021ന് തുടക്കം കുറിക്കാൻ ഏറ്റവും നല്ല വഴിയാണ് അതെന്നും മക്മില്ലൻ അവരോട് പറഞ്ഞു.
സൂപ്പർമാർക്കറ്റിൽ വെച്ച് വാക്സിൻ സ്വീകരിക്കുന്നതിെൻറ വിഡിയോ തെൻറ ടിക്ടോക് പ്രൊഫൈലിൽ മാക്മില്ലൻ പങ്കുവെച്ചതോടെ അത് വൈറലായി. മോഡേണ വാക്സിൻ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന നിരവധി പേർക്ക് എത്തിച്ചേരാൻ കഴിയാതെ വന്നുവെന്ന് വിഡിയോയിൽ മക്മില്ലൻ വിശദീകരിച്ചു. വാക്സിൻ അന്തരീക്ഷ ഉൗഷ്മാവിൽ കുറച്ച് മണിക്കൂറുകൾക്കപ്പുറം സൂക്ഷിക്കാൻ കഴിയാത്തതിനാൽ, അവ ഉപേക്ഷിക്കേണ്ടിവരും, അതിനാലാണ് ഉദ്യോഗസ്ഥർ അത് തങ്ങൾക്ക് വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
ഫൈസർ, മോഡേണ എന്നീ കൊറോണ വൈറസ് വാക്സിനുകൾ യഥാക്രമം മൈനസ് 70, മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുണ്ട്. നിലവിൽ അവശ്യ തൊഴിലാളികൾക്കും ദുർബല വിഭാഗത്തിനും വയോജനങ്ങൾ അടക്കമുള്ള അപകട സാധ്യതയുള്ള ജനങ്ങൾക്കും വാക്സിൻ കുത്തിവെയ്പ്പ് നൽകണമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.