അപ്പോൾ മനുഷ്യൻ ഭയക്കേണ്ടതില്ല... ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും ഉറക്കം വേണമെന്ന് ഗവേഷകർ
text_fieldsന്യൂയോർക്: സമീപ ഭാവിയിൽ മനുഷ്യരെ കടത്തിവെട്ടുമെന്ന് ടെസ്ല തലവൻ ഇലോൺ മസ്ക് പ്രവചിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമിത ബുദ്ധിയിൽ ഗവേഷകർ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. പട്ടാളക്കാർക്കുള്ള സഹായിയായും ട്രാഫിക് സിസ്റ്റം നിയന്ത്രിക്കാനും വിഡിയോ ഗെയിമുകളിൽ മറുവശത്തിരുന്ന് മനുഷ്യരെ പരാജയപ്പെടുത്താനും എന്തിന് കപ്പലുകൾ നിയന്ത്രിക്കാൻ വരെ നിർമിത ബുദ്ധിയെ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഏറ്റവും മികച്ച രീതിയിലേക്ക് എ.െഎ സംവിധാനത്തെ എത്തിക്കാനുള്ള പരിശ്രമങ്ങളിൽ ദിവസവും ഒാരോ പുതിയ കാര്യങ്ങളാണ് ഗവേഷകരും ശാസത്രജ്ഞരും കണ്ടെത്തുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പുതിയ 'ഡിസ്കവറി' അമേരിക്കയിൽ നിന്നാണ്. പകൽ മുഴുവൻ അധ്വാനിച്ചാൽ രാത്രി സുഖമായുള്ള ഒരു ഉറക്കം കിട്ടിയാൽ മാത്രമാണ് മനുഷ്യന് പിറ്റേ ദിവസം പ്രസരിപ്പോടെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുക. നിർമിത ബുദ്ധിക്കും ഏൽപ്പിച്ച ജോലി കാര്യക്ഷമമായി ചെയ്യാൻ ഉറക്കം വേണമെന്നാണ് ഗവേഷകർ പറയുന്നത്.
അൽപ്പ നേരം വിശ്രമം ലഭിച്ചാൽ മാത്രമേ നിർമിത ബുദ്ധിക്കും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്ന് അമേരിക്കയിലെ ലോസ് അലാമോസ് ലാബിലെ ഒരു ഗവേഷക ടീമാണ് കണ്ടെത്തിയിരിക്കുന്നത്. അവർ ഒരു ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രൊജക്ടിൽ ഗവേഷണം നടത്തുന്നതിനിടയിൽ കൃത്രിമമായ ഉറക്കത്തിന് ശേഷം ന്യൂറൽ സിസ്റ്റം കൂടുതൽ കാര്യക്ഷമമായിത്തീർന്നതായി കണ്ടെത്തി. മണിക്കൂറുകളോളം ന്യൂറൽ സിസ്റ്റത്തിൽ പ്രവർത്തിക്കുേമ്പാൾ അവ അസ്ഥിരമാവാൻ തുടങ്ങുന്നതായാണ് ആദ്യം നിരീക്ഷിച്ചത്. അവയുടെ ടാസ്ക് പതിവായി ചെയ്യുന്ന രീതിയിൽ നിന്നും മാറുകയും ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്തു.
എന്നാൽ, ഗവേഷകർ കൃത്രിമമായി ന്യൂറൽ സിസ്റ്റത്തിന് അൽപ്പം വിശ്രമം നൽകിയപ്പോൾ പ്രവർത്തനം പഴയതുപോലെ കാര്യക്ഷമമായി. നിർമിത ബുദ്ധിക്ക് നൽകിയ 'ആർട്ടിഫിഷ്യൽ അനലോഗ് സ്ലീപ്പ്' മനുഷ്യരുടെ രാത്രിയിലെ ഉറക്കത്തിന് തുല്യമാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യനെ കടത്തിവെട്ടുമെന്നും മരണമില്ലാത്ത സ്വേച്ഛാധിപതിയായി ഭാവിയിൽ മനുഷ്യരെ ഭരിക്കുമെന്നും ഇലോൺ മസ്ക് പറഞ്ഞിരുന്നുവെങ്കിലും ഉറക്കമുള്ള നിർമിത ബുദ്ധിയെ മനുഷ്യൻ കാര്യമായി ഭയക്കേണ്ടതില്ലെന്ന് പ്രതീക്ഷിക്കാം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.