ഫോണിലൂടെ നിയന്ത്രിക്കാവുന്ന ചെറു സ്കൂട്ടറും ഫോര്‍കെ ടി.വിയുമായി ഷിയോമി
text_fieldsസ്വയം ബാലന്‍സ് ചെയ്ത് ഓടാന്‍ കഴിവുള്ള വൈദ്യുത ഇരുചക്രവാഹനവുമായി ചൈനീസ് കമ്പനി ഷിയോമി. സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ടി.വി മേഖലയില്‍ നേട്ടംകൊയ്ത കമ്പനി ഇലക്ട്രോണിക്സ് രംഗത്തെ സാന്നിധ്യം കൂട്ടുകയാണ് ഇതിലൂടെ. റീചാര്‍ജബിള്‍ ബാറ്ററി ഊര്‍ജമേകുന്ന ഈ രണ്ടു ചക്ര വണ്ടിക്ക് നയന്‍ബോട്ട് മിനി (Ninebot mini) എന്നാണ് പേര്. ചൈനീസ് കമ്പനി നയന്‍ബോട്ടും യു.എസ് കമ്പനി സെഗ്വേയും ചേര്‍ന്നാണ് രൂപകല്‍പന. ബീജിങ് ആസ്ഥാനമായ കമ്പനി നയന്‍ബോട്ടില്‍ ഷിയോമിക്ക് നിക്ഷേപ പങ്കാളിത്തമുണ്ട്. യു.എസ് കമ്പനി സെഗ്വേയെ ഈവര്‍ഷം ഏപ്രിലിലാണ് നയന്‍ബോട്ട് ഏറ്റെടുത്തത്. ഏകദേശം 20,500 രൂപയാണ് (314 ഡോളര്‍) വില. വിമാനഭാഗങ്ങള്‍ ഉണ്ടാക്കുന്ന മഗ്നീഷ്യം അലോയ് കൊണ്ടാണ് നിര്‍മാണം. 12.8 കിലോയാണ് ഭാരം. ഒറ്റ ചാര്‍ജില്‍ 22 കിലോമീറ്റര്‍ ദൂരം പിന്നിടും. 15 ഡിഗ്രി കയറ്റങ്ങള്‍ കയറുന്ന ഈ സെല്‍ഫ് ബാലന്‍സിങ് സ്കൂട്ടര്‍ മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. കാല്‍ ഉപയോഗിച്ചാണ് ഈ സ്കൂട്ടര്‍ നിയന്ത്രിക്കുന്നത്. നിന്നിടത്തു തന്നെ തിരിയാനും കഴിയും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചും നിയന്ത്രിക്കാം. കറുപ്പ്, വെള്ള നിറങ്ങളില്‍ നവംബര്‍ മൂന്ന് മുതല്‍ വിപണിയില്‍ ലഭിക്കും.
ഇതിനൊപ്പം 60 ഇഞ്ച് അള്‍ട്രാ ഹൈ ഡെഫനിഷന്‍ അഥവാ ഫോര്‍കെ ടി.വിയും ഷിയോമി പുറത്തിറക്കി. Mi TV 3 എന്നാണ് പേര്. ഏകദേശം 51,000 രൂപയാണ് വില. 3840x2160 പിക്സല്‍ റസലൂഷനുള്ള 60 ഇഞ്ച് സ്ക്രീനാണ്. അലൂമിനിയം ഫ്രെയിമാണ്. 11.6-36.7 മില്ലീമീറ്റര്‍ മാത്രമാണ് കനം. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ട്, രണ്ട് യു.എസ്.ബി പോര്‍ട്ട്, വിജിഎ, ഇതര്‍നെറ്റ്, എ.വി ഇന്‍, ആര്‍എഫ് മോഡുലേറ്റര്‍ എന്നിവയുണ്ട്. ഈവര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ 48 എംഐ ടിവി 2 എസിന്‍െറ പിന്‍ഗാമിയാണിത്.
അലൂമിനിയത്തില്‍ നിര്‍മിച്ച എം.ഐ സബ് വൂഫറും അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം 6,100 രൂപയാണ് വില. ടി.വിയുമായി ബ്ളൂടൂത്ത് വഴി ബന്ധിപ്പിക്കാന്‍ കഴിയും. പറഞ്ഞ് നിയന്ത്രിക്കാവുന്ന വോയ്സ് കണ്‍ട്രോള്‍ റിമോട്ടിന് 1000 രൂപയാണ് വില. ഇതിലും ബ്ളൂടൂത്ത് കണക്ടിവിറ്റിയുണ്ട്.
ഏത് ഡിസ്പ്ളേയെയും പ്രോജക്ടറിനെയും സ്മാര്‍ട്ട് ടി.വി ആക്കാന്‍ കഴിയുന്ന എംഐ ടിവി എന്ന മെയിന്‍ ബോര്‍ഡും ഷിയോമി രംഗത്തിറക്കിയിട്ടുണ്ട്. 1.4 ജിഗാഹെര്‍ട്സ് നാലുകോര്‍ ഫോര്‍കെ ടി.വി പ്രോസസര്‍, രണ്ട് ജി.ബി റാം, എട്ട് ജി.ബി ഫ്ളാഷ് സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, വൈ ഫൈ, ബ്ളൂടൂത്ത് 4.1, ഡോള്‍ബി സിസ്റ്റമുള്ള സ്പീക്കറുകള്‍, പൂര്‍ണ ലോഹ രൂപകല്‍പന എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.