വന്‍കുടല്‍ കാന്‍സറിനെ തടയാന്‍ വെളിച്ചെണ്ണ; അശോകത്തെ തിരിച്ചറിയാന്‍ ബാര്‍കോഡിങ്ങും
text_fieldsതേഞ്ഞിപ്പലം: വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിനെ തടയാന്‍ വെളിച്ചെണ്ണക്ക് സാധിക്കുമെന്ന് പഠനം. വെളിച്ചെണ്ണയില്‍ അടങ്ങിയ പോളിഫിനോള്‍ ഘടകങ്ങള്‍ക്കാണ് കാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുള്ളത്. തൃശൂര്‍ അമല കാന്‍സര്‍ സെന്‍ററിലെ ഡോ. അച്യുതന്‍ സി. രാഘവമേനോന്‍െറ നേതൃത്വത്തിലുള്ള ഗവേഷണസംഘത്തിന്‍േറതാണ് കണ്ടത്തെല്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് വെളിച്ചെണ്ണയുടെ ഗുണവശങ്ങള്‍ അവതരിപ്പിച്ചത്. ജീവിത ശൈലീമാറ്റം കാരണമുണ്ടാകുന്ന ഫാറ്റിലിവര്‍ പോലുള്ള രോഗങ്ങളെ ചെറുക്കാനും വെളിച്ചെണ്ണക്ക് കഴിവുണ്ടെന്ന് പ്രബന്ധം സമര്‍ഥിക്കുന്നു.
ആയുര്‍വേദ ഒൗഷധനിര്‍മാണത്തില്‍ വളരെയധികം ഉപയോഗിക്കപ്പെടുന്ന വൃക്ഷമായ അശോകത്തിലെ വ്യാജനെ തിരിച്ചറിയാന്‍ ഡി.എന്‍.എ ബാര്‍കോഡിങ് വഴി സാധിക്കുമെന്നാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഒൗഷധ സസ്യഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. രാഹുലും സംഘവും അവതരിപ്പിച്ച പ്രബന്ധം.
ആവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ അരണ മരത്തിന്‍െറ തൊലിയാണ് വിപണികളില്‍ ഇന്ന് ലഭിക്കുന്നത്. അശോകത്തൊലിയും മായം ചേര്‍ക്കാനായി ഉപയോഗിക്കുന്ന അരണമര തൊലിയും തമ്മില്‍ തിരിച്ചറിയാന്‍ ജനിതക ശാസ്ത്രത്തിന്‍െറ സാധ്യതകള്‍ ഉപയോഗിച്ചുള്ള ഡി.എന്‍.എ ബാര്‍കോഡിങ് സംവിധാനം ഏറെ ഉപകരിക്കുമെന്നും പ്രബന്ധം ചൂണ്ടിക്കാട്ടി.
ഭിന്നശേഷിയുള്ളവര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വിവിധ വഴികള്‍ ഡോ. പ്രഭാത് രഞ്ജന്‍ ചൂണ്ടിക്കാട്ടി. പ്രായമാകുന്ന വേളയില്‍ മനുഷ്യശരീരത്തില്‍ ഉണ്ടാകുന്ന വിവിധ മാറ്റങ്ങളാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. ശന്തനു ഭട്ടാചാര്യ അവതരിപ്പിച്ചത്.
ഏഴു വേദികളിലായി വിവിധ വിഷയങ്ങളില്‍ 167 പ്രബന്ധങ്ങളും 57 മത്സരപ്രബന്ധങ്ങളും അവതരിപ്പിച്ചു. 146 പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു. ഇതില്‍നിന്ന് മികച്ച പോസ്റ്ററിനും പ്രബന്ധത്തിനും പുരസ്കാരം നല്‍കും.
വ്യാഴാഴ്ച തുടങ്ങിയ ശാസ്ത്ര കോണ്‍ഗ്രസ് ശനിയാഴ്ച സമാപിക്കും. ഉച്ചക്കുശേഷം മൂന്നിന് നടക്കുന്ന സമാപനച്ചടങ്ങില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യാതിഥിയാകും. ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് കോഹിനൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ചവരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.