വ്യായാമത്തിന് കൂട്ടായി അനലോഗ് വാച്ചുമായി ഗാര്‍മിന്‍
text_fieldsപലതരം സ്മാര്‍ട്ട്വാച്ചുകള്‍ വിപണിയിലുണ്ടെങ്കിലും അത്ര വിജയമായിട്ടില്ല. വ്യായാമവും ദിനചര്യയും നിരീക്ഷിക്കുന്ന കൈയില്‍കെട്ടുന്ന ആക്ടിവിറ്റി ട്രാക്കറുകളും ഏറെയൊന്നും ജനപ്രീതി നേടിയിട്ടില്ല. ബാറ്ററി ചാര്‍ജ് നില്‍ക്കാത്ത പ്രശ്നവും വന്‍വിലയുമാണ് ഇവക്കൊക്കെ വിലങ്ങുതടിയാവുന്നത്. ആക്ടിവിറ്റി ട്രാക്കര്‍ കൂട്ടിച്ചേര്‍ത്ത ഡിജിറ്റല്‍ വാച്ചുകള്‍ പലതുണ്ട്. എന്നാല്‍ അനലോഗ് വാച്ചില്‍ ആക്ടിവിറ്റി ട്രാക്കിങ് സംവിധാനം കൂട്ടിച്ചേര്‍ത്ത് വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് ഗാര്‍മിന്‍. വിത്തിങ്സ്, ടൈമെക്സ് മെട്രോപൊളിറ്റന്‍ ഫോസില്‍, അഡിഡാസിന്‍െറ റണ്‍ടാസ്റ്റിക് എന്നിവ നേരത്തെയിറങ്ങിയ ഇത്തരം വാച്ചുകളാണ്. ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഉപകരണങ്ങളിറക്കി കഴിവുതെളിയിച്ച അമേരിക്കന്‍ കമ്പനിയാണ് ഗാര്‍മിന്‍. വ്യായാമത്തിന് കൂട്ടാവാന്‍ വിവോ ഫിറ്റ്, വിവോ സ്മാര്‍ട്ട് എന്ന പേരിലടക്കം നിരവധി ഫിറ്റ്നസ് വാച്ചുകളും ഫോര്‍റണ്ണര്‍ 235, ഫോര്‍റണ്ണര്‍ 230 എന്നീ സ്മാര്‍ട്ട്വാച്ചുകളും ഇറക്കിയിട്ടുണ്ട്. സാധാരണ (അനലോഗ്) വാച്ചില്‍ ആക്ടിവിറ്റി ട്രാക്കര്‍ ഇണക്കിച്ചേര്‍ത്താണ് ഗാര്‍മിന്‍െറ പുതിയ പരീക്ഷണം. ‘ഗാര്‍മിന്‍ വിവോമൂവ്’ എന്നാണ് പേര്.
ഒരുവര്‍ഷം ബാറ്ററി ശേഷി, 50 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം കയറില്ല, സാദാ വാച്ചിന്‍െറ രൂപം എന്നിവയാണ് വിശേഷങ്ങള്‍. സ്പോര്‍ട്സ്, ക്ളാസിക്, പ്രീമിയം നിരകളില്‍ കറുപ്പ്, വെള്ള, റോസ് ഗോള്‍ഡ്, സ്റ്റെയിന്‍ലസ് സ്റ്റീല്‍, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. സ്പോര്‍ട്സ് പതിപ്പിന് 149 ഡോളറും (ഏകദേശം 10,000 രൂപ) ലതര്‍ ബാന്‍ഡുള്ള ക്ളാസിക് ബ്ളാക്ക് അല്ളെങ്കില്‍ റോസ്ഗോള്‍ഡ് പതിപ്പിന് 199 ഡോളറും (ഏകദേശം 13,000 രൂപ) പ്രീമിയം സ്റ്റെയിന്‍ലസ് സ്റ്റീല്‍ അല്ളെങ്കില്‍ ഗോള്‍ഡ്ടോണ്‍ സ്റ്റീലിന് 299 ഡോളറുമാണ് (ഏകദേശം 20,000 രൂപ) വില. ഗാര്‍മിന്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആപ്പിള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളുമായി ചേര്‍ന്ന് ഈ വാച്ച് പ്രവര്‍ത്തിക്കും. നടത്തം, ദൂരം, കത്തിച്ച കലോറി, ഉറക്കം എന്നിവ കൃത്യമായി പരിശോധിച്ച് സൂക്ഷിക്കും. ഡയലിലെ രണ്ട് വളഞ്ഞ ബാറുകള്‍ നടപ്പിന്‍െറ എണ്ണം കാണാന്‍ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.