ജിയോയെ നേരിടാന്‍ എയര്‍ടെല്ലും; ടെലിനോറിനെ ഏറ്റെടുക്കും
text_fieldsന്യൂഡല്‍ഹി: മൊബൈല്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ എയര്‍ടെല്ലും കച്ചമുറുക്കുന്നു. നോര്‍വെ കമ്പനിയായ ടെലിനോറിന്‍െറ ഇന്ത്യ വിഭാഗത്തെ പൂര്‍ണമായി ഏറ്റെടുത്താണ് എയര്‍ടെല്ലിന്‍െറ നീക്കം. ആദിത്യ ബിര്‍ല ഗ്രൂപ്പിനു കീഴിലെ ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡഫോണും അടുത്തമാസം മുതല്‍ ഒറ്റക്കമ്പനിയായി മാറാനിരിക്കുകയാണ്.
അതോടെ ഐഡിയ-വോഡഫോണ്‍ സംയുക്ത കമ്പനി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്ഥാപനമാകും. സമ്പൂര്‍ണ സൗജന്യ കോളും ആവശ്യത്തിലേറെ ഡാറ്റയും നല്‍കി ഉപഭോക്താക്കളെ വലവീശിപ്പിടിക്കുന്ന ജിയോ തന്ത്രത്തെ നേരിടാനാണ് കമ്പനികള്‍ ലയനത്തിന്‍െറയും ഏറ്റെടുക്കലിന്‍െറയും വഴി തേടുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ എയര്‍സെല്ലുമായും കൈകോര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ തുടക്കം കുറിച്ച ജിയോ അഞ്ചുമാസം കൊണ്ട് 10 കോടിയിലേറെ ഉപഭോക്താക്കളെ നേടിയിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പ്രതിമാസം 303 രൂപക്ക് പ്രതിദിനം ഒരു ജി.ബി ഡാറ്റ വരെ 30 ദിവസത്തേക്ക് ഉപയോഗിക്കാവുന്ന പദ്ധതിയും പ്രഖ്യാപിച്ചു. പൂര്‍ണ സൗജന്യ കോളിനൊപ്പമാണ് ഈ വാഗ്ദാനം. ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു കമ്പനിയും ഡാറ്റ നല്‍കുന്നില്ളെന്നു മാത്രമല്ല, ജിയോയോട് മത്സരിക്കാന്‍ മറ്റ് കമ്പനികള്‍ക്ക് പലവട്ടം നിരക്ക് കുറക്കേണ്ടിയും വന്നു. ഇത് അവരുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടാക്കിയ സാഹചര്യത്തിലാണ് വിപണിവിഹിതം കൂട്ടാന്‍ കമ്പനികള്‍ ഒന്നാകുന്നത്.
കഴിഞ്ഞ മൂന്നു സാമ്പത്തിക പാദങ്ങളിലും തുടര്‍ച്ചയായി മറ്റ് കമ്പനികള്‍ക്ക് പത്തു ശതമാനം വീതം ലാഭവിഹിതത്തില്‍ കുറവുണ്ടായതായാണ് പുറത്തുവന്ന കണക്കുകള്‍. ആന്ധ്ര, ബിഹാര്‍, യു.പി, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നാലരക്കോടിയോളം ഉപഭോക്താക്കളുള്ള കമ്പനിയാണ് ടെലിനോര്‍.
ഇവരുടെ ജീവനക്കാരെയും മുഴുവന്‍ ആസ്തിയുമടക്കമാണ് എയര്‍ടെല്ലിന്‍െറ ഏറ്റെടുക്കല്‍. എന്നാല്‍ നേരിട്ട് പണം നല്‍കില്ല. അതേസമയം, ഭാവിയില്‍ ടെലിനോറിന്‍െറ സ്പെക്ട്രം ലേലത്തുകയടക്കമുള്ള 1600 കോടിയുടെ ബാധ്യത എയര്‍ടെല്‍ കൈകാര്യം ചെയ്യുന്ന വിധമാണ് കമ്പനികള്‍ തമ്മിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.