സൂമിന് ബദൽ: ഇന്നൊവേഷൻ ചലഞ്ചിൽ ആലപ്പുഴയുടെ ആശയം അവസാന മൂന്നിൽ
text_fieldsആലപ്പുഴ: സൂമിന് ബദലായി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ച വീഡിയോ കോൺഫറൻസിങ് സോഫ്റ്റ് വെയറിനുള്ള ഇന്നൊവേഷൻ ചലഞ്ചിൽ അവസാന റൗണ്ടിലേക്ക് ആലപ്പുഴയിലെ ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത വി-കൺസോൾ തെരെഞ്ഞെടുക്കപ്പെട്ടു.
‘മേക്ക് ഇൻ ഇന്ത്യ’വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയർ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി നടത്തുന്ന ചലഞ്ചിൽ അവസാന മൂന്നുടീമുകളിൽ ഒന്നായിരിക്കുകയാണ് ടെക്‌ജെൻഷ്യ. അടുത്ത ഒരു മാസത്തിനകം തങ്ങൾ നിർമിച്ച വീഡിയോ കോൺഫറൻസിങ് പ്രോട്ടോടൈപ്പിനെ ഒരു സമ്പൂർണ സോഫ്റ്റ്വെയർ ആക്കി മാറ്റാനൊരുങ്ങുകയാണ് പാതിരപ്പിള്ളിയിലെ ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ ആയ കമ്പനിയിലെ അമ്പതോളം ഐ.ടി വിദഗ്ധർ. പദ്ധതിയിലെ ഏറ്റവും നിർണ്ണായകമായ ഓഡിയോ /വീഡിയോ മിക്‌സിങ് ആൻഡ് ഡിസ്ട്രിബ്യുഷൻ പൂർത്തിയായി. യൂറോപ്പിലും അമേരിക്കയിലും വൻകിട കമ്പനികൾക്കായി വീഡിയോ കോൺഫറൻസിങ് സംവിധാനം ഒരുക്കുന്ന കമ്പനി പത്ത് വർഷമായി തുടരുന്ന ഗവേഷണ-വികസനപ്രവർത്തനങ്ങളുടെ ആകെത്തുകയാണ് ഈ വീഡിയോ എൻജിൻ.
രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് ആദ്യ 12 ടീമുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ടെക്‌ജെൻഷ്യ രാജ്യത്തിനായി ഒരു വീഡിയോ കോൺഫറൻസിങ് പ്രോഡക്ട് നിർമിക്കണമെന്ന് തീരുമാനമെടുത്തതായി ജോയി സെബാസ്റ്റ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഓരോരുത്തരുടെ ജോലിയുടെയും ജീവിതത്തിൻറയും ഭാഗമായി കൂടുതൽ സമയം ഉപയോഗിക്കുന്ന വെബ് ആപ്ലിക്കേഷൻെറയോ ഡെസ്ക്ടോപ്പ് ആപ്പിേൻറയോ ഭാഗമാക്കി വീഡിയോ കോൺഫറൻസിങ് മാറ്റാൻ കഴിയുന്ന തരത്തിലാണ് സോഫ്റ്റ് വെയർ ഡിസൈൻ ചെയ്തിരിക്കുന്നത്. അവസാന ഘട്ടത്തിലെ മൂന്നു ടീമുകൾക്ക് 20 ലക്ഷം വീതം നിർമാണത്തിനായി ലഭിക്കും.അവസാന വിജയിക്ക് ഒരു കോടി രൂപയും സർക്കാറിെൻറ ഔദ്യോഗിക വിഡിയോ കോൺഫറൻസിങ് സർവീസ് പ്രൊവൈഡർ എന്ന സ്ഥാനവും ലഭിക്കും.
ഹൈദരാബാദിലെ പീപ്പിൾ ലിങ്ക് യുനിഫൈഡ് കമ്യൂണിക്കേഷൻ, ജയ്പൂരിലെ സാർവ് വെബ്സ് എന്നിവരാണ് ടെക്ജെൻഷ്യയോടൊപ്പം അവസാന കടമ്പയിൽ എത്തിയവർ. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 20 ജൂറി അംഗങ്ങൾ ആണ് ഉണ്ടായിരുന്നത്. ജൂറി അംഗങ്ങൾ ഓരോരുത്തരായി നേരത്തെ അയച്ചു കൊടുത്തിരുന്ന ലിങ്ക് ഉപയോഗിച്ച് മീറ്റിങ് റൂമിൽ എത്തി. ഒന്ന് രണ്ട് മിനിട്ട് കൊണ്ട് എല്ലാവരും ജോയിൻ ചെയ്തതോടെ ആത്മവിശ്വാസം വർധിച്ചതായി ജോയ് സെബാസ്റ്റ്യൻ പറയുന്നു. വീഡിയോ കോൺഫറൻസിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമാണ്
യാതൊരു തടസ്സവുമില്ലാതെ ഒരാൾക്ക് മീറ്റിങ്ങിൽ ജോയിൻ ചെയ്ത് വീഡിയോ/ഓഡിയോ ഉപയോഗിക്കാൻ കഴിയുകയെന്നത്. പ്രോട്ടോടൈപ്പ് വികസിപ്പിച്ച ശേഷം ബിഹാറിലേക്ക് പോയ ടെക്‌ജെൻഷ്യ സി.ടി.ഒ അങ്കുർ ദീപ് ജെയ്‌സ്വാൾ ക്വാറൻറീനിലിരിക്കെ മുംഗറിലെ വീട്ടിൽ നിന്നാണ് ജോയിൻ ചെയ്തത്. ഡെവ് ഓപ്സ് ഹെഡ് ബിനോയ് ജപ്പാനിൽ നിന്നും പങ്ക് ചേർന്നു. സാജനും അഭിലാഷും പാസ്സീവ് പാർട്ടിസിപ്പൻറ്സുമായി.
ഡെമോയും പ്രസേൻറഷനും ചോദ്യോത്തരങ്ങളും ചേർത്ത് 20 മിനിറ്റാണ് ലഭിച്ചത്. സാങ്കേതിക ചോദ്യങ്ങൾക്ക് അങ്കുറും ബിസിനസ് ചോദ്യങ്ങൾക്ക് ജോയിയും മറുപടി നൽകി നിശ്ചിത സമയത്തിനുള്ളിൽ പ്രസ്േൻറഷൻ പൂർത്തിയാക്കി. വളരെ പ്രോത്സാഹനജനകമായ സമീപനം ആയിരുന്നു ജൂറിയുടേത്. ഒരു ജൂറി മെമ്പർ ഇടയ്ക്ക് ഡിസ്കണക്ട് ആയി എന്ന പരാതി ഉയർത്തിയപ്പോൾ മൊബൈൽ നെറ്റ്വർക്കിലെ പ്രശ്നമാകാം എന്ന് തിരുത്തിയത് മറ്റൊരു ജുറിയംഗമാണ്. മൊബൈൽ ഡിവൈസുകളിലെ ബ്രൗസറുകളിൽ നിന്ന് ജോയിൻ ചെയ്യാൻ നിങ്ങളുടെ പ്രൊഡക്ടിൽ കഴിയില്ലേ എന്ന ചോദ്യത്തിനും ജൂറി അംഗങ്ങളിൽ ഒരാളിൽ നിന്ന് തന്നെ മറുപടി വന്നു. ആൻഡ്രോയിഡ് ഫോണിൽ ക്രോം ബ്രൗസറിൽ നിന്നാണ് ജോയിൻ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.
ഈ ചലഞ്ചിൽ ഏറ്റവും ആകർഷിച്ച ഘടകം സാങ്കേതിക വിദ്യയിലെ സൂക്ഷ്മഘടകങ്ങളിൽ ജൂറി അംഗങ്ങൾ പുലർത്തുന്ന ജാഗ്രതയാണെന്ന് ജോയ് പറയുന്നു. വീഡിയോ കോൺഫറൻസിങ് സ്പെക്ട്രത്തിലെ വിവിധ ധാരകളെ സൂക്ഷ്മമായി പരിശോധിച്ച് അതിലൊക്കെ തദ്ദേശീയമായി എന്താണ് ഓരോ കമ്പനിയും ചെയ്തിട്ടുള്ളത് എന്നത് വ്യക്തമായി മനസ്സിലാക്കി തന്നെയാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.
ഈ വിജയത്തിൻറെ അവകാശികൾ തെൻറ ടീമാണെന്നും സല്യൂട്ട് അവർക്കാണെന്നും ജോയ് സെബാസ്റ്റ്യൻ പറയുന്നു.
പാതിരപ്പിള്ളി പള്ളിക്കത്തൈയ്യിൽ സെബാസ്റ്റ്യൻ-മേരി ദമ്പതികളുടെ മകനായ ജോയ് 1999ലാണ് കൊല്ലം ടി.കെ.എം എൻജിനീയറിങ്ങ് കോളജിൽ നിന്നും എം.സി.എ നേടുന്നത്. ഭാര്യ ലിൻസി ജോർജ്ജ് ആലപ്പുഴ പൂങ്കാവ് മേരി ഇമാകുലേറ്റ് ഹൈസ്ക്കൂളിൽ അധ്യാപികയാണ്.മകൻ അലൻ ലിയോ തേർട്ടീൻറ് സ്കൂളിലും മകൾ ജിയ സെൻറ് ജോസഫ്സ് ഗേൾസ് സ്കൂളിലും പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.