എന്താണ് ആപ്പിളിലെ ഇ-സിം; പഴയ സിം കാർഡുകൾ ഒാർമയാകുമോ..?
text_fieldsആപ്പിളിന്റെ പുതിയ ഐഫോണിന്റെ ഫീച്ചറുകളിൽ ഒന്നായി എടുത്ത് കാണിക്കുന്ന ഡ്യുവൽ സിമ്മിനെക്കുറിച്ച് കേൾക്കുമ്പോൾ ചിരിവരുന്നുണ്ടാകും അല്ലേ. എട്ട് സിം കാർഡുകൾ വരെ ഉപയോഗിക്കാവുന്ന ചൈനിസ് ഫോണുകൾ പത്തു വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചവരുടെ മുന്നിലേക്കാണ് ആപ്പിൾ ഡ്യുവൽ സിമ്മും കൊണ്ട് വരുന്നത് എന്ന് തോന്നിയേക്കാം. എന്നാൽ അങ്ങിനെ അല്ല. ആപ്പിൾ ഐഫോൺ XS ന്റെ രണ്ടാമത്തെ സിം eSIM ആണ്. അതായത് embedded Subscriber Identification Module. എന്താണ് സാധാരണ സിമ്മും ഇ- സിമ്മും തമ്മിലുള്ള വ്യത്യാസം. പേരിൽ തന്നെ ഉണ്ടല്ലോ ആ വ്യത്യാസം എംബഡഡ് സിം എന്നാൽ മൊബൈൽ ഫോണിന്റെ സർക്കീട്ടുമായി ഇളക്കിമാറ്റാൻ കഴിയാത്ത രീതിയിൽ ബന്ധിക്കപ്പെട്ട സിം ആണിത്.
1. സാധാരണയായി ഓരോ സർവീസ് പ്രൊവൈഡറിൽ നിന്നും കണൿഷനുകൾ എടുക്കുമ്പോൾ അവരുടേതായ സിം കാർഡ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണല്ലോ. എന്നാൽ eSIM ൽ അതിന്റെ ആവശ്യമില്ല. സർവിസ് പ്രൊവൈഡർമ്മാരെ മാറ്റുമ്പോൾ പുതിയ സിംകാർഡ് ഉപയോഗിക്കാതെ വിവരങ്ങൾ ചിപ്പിലേക്ക് പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാനാകും. ഉദാഹരണമായി വോഡാഫോണിൽ നിന്നും ജിയോയിലേക്ക് പോർട്ട് ചെയ്യുന്ന ഒരാൾക്ക് സിം മാറ്റാതെ തന്നെ eSIM ലേക്ക് സർവീസ് പ്രൊവൈഡർ നൽകുന്ന വിവരങ്ങൾ അവരുടെ ആപ്പുകളിലൂടെയും മറ്റും ചേർത്ത് മാറാൻ കഴിയുന്നു.
2. നിലവിൽ ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമ്മാർ eSIM സപ്പോർട്ട് ചെയ്യുന്നില്ല എന്നതിനാൽ ഇന്ത്യയിൽ ഇതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഫലത്തിൽ ഇന്ത്യക്കാർക്ക് iPhone XS സിംഗിൾ സിം ഫോൺ തന്നെ ആയിരിക്കുമെന്ന് സാരം (എയർടെല്ലും ജിയോയും eSIM സപ്പോർട്ട് ചെയ്യുമെന്ന് അറിയുന്നു. ).
3. എന്തായിരിക്കും eSIM കൊണ്ടുള്ള പ്രയോജനങ്ങൾ?
(a) സർവീസ് പ്രൊവൈഡറെ മാറ്റാൻ സിം കാർഡുകൾ സൂക്ഷിച്ചു വച്ചും മറ്റും ഇടയ്ക്കിടയ്ക്ക് മാറ്റേണ്ട അവസ്ഥ വരുന്നില്ല. ജി എസ് എം അസോസിയേഷൻ അംഗീകരിച്ച eSIM സർവീസ് ലോകമെമ്പാടുമുള്ള എല്ലാ മൊബൈൽ സേവനദാതാക്കളും നടപ്പിൽ വരുത്തുമ്പോൾ ക്രമേണ പരമ്പരാഗത സിം കാർഡുകൾ ഒരു ചരിത്രമായി മാറും.
(b) സിം കാർഡ് സ്ലോട്ട് എന്ന സംവിധാനം മൊബൈൽ ഫോണുകളിൽ നിന്നും ഒഴിവാക്കാൻ ഇതുവഴി കഴിയുന്നു. സിം കാർഡ് ഇടാനും എടുക്കാനുമൊക്കെയുള്ള സംവിധാനങ്ങൾ മൊബൈൽ ഫോണുകളുടെ വാട്ടർ പ്രൂഫിംഗ് / ഡസ്റ്റ് പ്രൂഫിംഗ് നിബന്ധനകൾ (IP67/68) പാലിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. eSIM സർക്കീട്ട് ബോഡിന്റെ തന്നെ ഭാഗമായതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതുവഴി ഒഴിവാക്കാനാകുന്നു.
(c) 5 ജി യുഗത്തിൽ ഓരോരുത്തർക്കും ഓരോ മൊബൈൽ നമ്പർ എന്നതുപോലെ ഓരോ ഉപകരണത്തിനും സ്വന്തമായ ഐഡന്റിറ്റി അഥവാ നമ്പരുകൾ ഉണ്ടാകും എന്ന സ്ഥിതിവിശേഷമാണ് വരാൻ പോകുന്നത് എന്നതിനാൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഉപകരണങ്ങളിലെല്ലാം തന്നെ എളുപ്പത്തിൽ പ്രോഗ്രാം ചെയ്യാൻ കഴിയുന്ന eSIM ആയിരിക്കും കൂടുതൽ സൗകര്യപ്രദം.
4. നിലവിൽ ഐഫോണിന്റെ പുതിയ XS സീരീസിലും ഗൂഗിൾ പിക്സൽ-2 വിലും മാത്രമാണ് eSIM സംവിധാനം ഉള്ലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.