ലോക് ഡൗൺ: ഇൻറർനെറ്റ് ഉപയോഗം 40 ശതമാനത്തോളം വർധിച്ചതായി കണക്ക്
text_fieldsകൊച്ചി: ലോക് ഡൗണിൽ ആളുകൾ വീടുകളിലൊതുങ്ങുകയും വീട്ടിലിരുന്നുള്ള ഓഫിസ് ജോലി വ്യാപകമാകുകയും ചെയ്തതോടെ സൈബർ ലോകത്ത് തിരക്കേറി. ഇൻറർനെറ്റ് ഉപയോഗം 40 ശതമാനത്തോളം വർധിച്ചതായാണ് കണക്ക്. ഇതോടെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാനിടയുള്ളതിനാൽ ഇൻറർനെറ്റ് ഉപയോഗത്തിൽ കൂടുതൽ കരുതൽ വേണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
പൊലീസ് സേന മൊത്തമായി ലോക് ഡൗൺ നടപ്പാക്കുന്ന ജോലികളിൽ മുഴുകിയതോടെ സൈബർ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ അവസരം തട്ടിപ്പുകാർ മുതലെടുക്കും. സമൂഹമാധ്യമങ്ങളിലെ മുഖ്യ ചർച്ചാവിഷയം കോവിഡ് 19 ആയതോടെ ഇതിനെ മറയാക്കിയാണ് പുതിയ തട്ടിപ്പുകൾ. കോവിഡിനെക്കുറിച്ച എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ എന്ന് പറഞ്ഞ് പ്രചരിക്കുന്ന പല ലിങ്കുകളും അപകടകാരികളാണെന്ന് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു. ഈ ലിങ്കുകൾ വഴി മൊബൈലിലെ വിവരങ്ങൾ ചോർത്തപ്പെട്ടേക്കാം.
ഓരോ രാജ്യത്തെയും കോവിഡ് ബാധിതരുടെ പട്ടിക എന്ന പേരിൽ പ്രചരിക്കുന്ന ലിങ്കുകളും ഒഴിവാക്കണം. പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചതും ലോക്ഡൗൺ കാലത്ത് ഇൻറർനെറ്റ് വഴി പണമിടപാട് വർധിച്ചതും തട്ടിപ്പുകാർ അവസരമാക്കുന്നു. പ്രമുഖ ബാങ്കുകളുടെയും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെയും വ്യാജ വെബ്സൈറ്റുകളും പേമെൻറ് ആപ്പുകളും വഴിയാണ് തട്ടിപ്പ്. യഥാർഥ വെബ്സൈറ്റ് വിലാസത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളും സ്ഥാനം മാറ്റിയോ പുതിയവ കൂട്ടിച്ചേർത്തോ ആണ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. സർക്കാർ വെബ്സൈറ്റുകൾക്ക് പോലും വ്യാജൻമാരുണ്ട്.
ഉപയോഗം കഴിഞ്ഞാലുടൻ വെബ്സൈറ്റുകളിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും പുറത്തുകടക്കണമെന്നും മൊബൈൽ ഡാറ്റ ഓഫ് ചെയ്യണമെന്നുമാണ് വിദഗ്ധരുടെ നിർദേശം. എപ്പോഴും ഡാറ്റ ഓൺ ചെയ്ത് വെക്കുന്ന മൊബൈൽ ഉമ്മറവാതിൽ സദാ തുറന്നിടുന്ന വീടുപോലെയാണ്.
ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ എല്ലാവർക്കും സേവനം ഒരുപോലെ ലഭ്യമാകാൻ ചില നിർദേശങ്ങളും വിദഗ്ധർ മുന്നോട്ടുവെക്കുന്നു. വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമെത്തുന്ന നാല് എം.ബിയിൽ കൂടുതലുള്ള വിഡിയോകൾ തൽക്കാലം ഒഴിവാക്കുക, ആശംസ സന്ദേശങ്ങൾ ചിത്രങ്ങൾ ഒഴിവാക്കി വാചക സന്ദേശങ്ങളായി അയക്കുക, എന്തും ഫോർവേർഡ് ചെയ്യുന്ന ശീലം ഒഴിവാക്കി പരമാവധി ചാറ്റിങ്ങിന് സമയം കണ്ടെത്തുക തുടങ്ങിയവയാണ് അവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.