ഇന്ത്യയിൽ ഇനി സ്വതന്ത്ര നെറ്റ്
text_fieldsന്യൂഡൽഹി: ഇൻറർനെറ്റ് സമത്വ നിയമങ്ങൾക്ക് ‘ടെലികോം കമീഷൻ’ അംഗീകാരം നൽകി. ‘ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ് ഇന്ത്യ’ (ട്രായ്) ആണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ സമർപ്പിച്ചത്. ഇൻറർനെറ്റ് ഉപഭോക്താക്കളുടെ ഉപയോഗത്തിൽ സേവനദാതാക്കൾ നടപ്പാക്കുന്ന വിവേചനം തടയുന്നതാണ് നിയമം. ചില നിർണായക ആപ്ലിക്കേഷനുകളും സേവനങ്ങളും നിയമത്തിെൻറ പരിധിക്ക് പുറത്താണ്. ഇവക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള നെറ്റ് ലൈനുകളും സാധാരണ സംവിധാനത്തിനേക്കാൾ മെച്ചപ്പെട്ട വേഗതയും ആവശ്യമായി വരുമെന്നതിനാലാണ് ഇത്. വിദൂര ശസ്ത്രക്രിയ, ആളില്ലാ കാറുകൾ തുടങ്ങിയവയാണ് ഇൗ ഗണത്തിൽ വരുന്നതെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു. ഇൻറർനെറ്റ് ഉള്ളടക്കത്തെ വിവേചനപരമായി ബാധിക്കും വിധം സേവനദാതാക്കൾ കരാറിൽ ഏർപ്പെടുന്നത് നിയന്ത്രിക്കണമെന്ന് ‘ട്രായ്’ നിർദേശിച്ചു.
വാട്സ് ആപ്, സ്കൈപ് തുടങ്ങിയ സേവനങ്ങൾക്ക് ഇൻറർെനറ്റ് ഡാറ്റ പ്ലാനിന് പുറമെ അധിക പണം ഇൗടാക്കുമെന്ന സേവനദാതാക്കളുടെ പ്രഖ്യാപനം വന്നതോടെയാണ് രാജ്യത്ത് നെറ്റ് സമത്വം എന്ന ആശയം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. നെറ്റ് സമത്വം ഇല്ലെങ്കിൽ ഇൻറർനെറ്റ് ലഭ്യതയുടെ മുഴുവൻ നിയന്ത്രണവും സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സേവനങ്ങൾ സൗജന്യമായി നല്കണം, ഓരോന്നിനും എത്ര പണം ഈടാക്കണം, ഏതെല്ലാം വെബ്സൈറ്റുകള് വേഗത്തില് ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കള്ക്ക് തീരുമാനിക്കാവുന്ന അവസ്ഥയുണ്ടാകും. ഇതിന് കടിഞ്ഞാണിടുകയും ഉപഭോക്തൃ മേഖലയിലെ ചൂഷണം തടയുകയുമാണ് നെറ്റ് സമത്വം ഉറപ്പാക്കുക വഴി ചെയ്യുന്നത്.
ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാൽ കടുത്ത പിഴ ചുമത്തും. മൊബൈൽ ഒാപേററ്റർമാർക്കും സാമൂഹിക മാധ്യമ കമ്പനികൾക്കും ഇത് ബാധകമാണ്. പുതിയ ടെലികോം നയത്തിനും (ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് നയം-2018) കമീഷൻ അംഗീകാരം നൽകി. ഇതിന് കേന്ദ്ര കാബിനറ്റിെൻറ അനുമതി ലഭിക്കണം. രാജ്യത്ത് ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പ്രാധാന്യം ഇതു സംബന്ധിച്ച യോഗത്തിൽ പെങ്കടുത്ത എല്ലാവരും ഉൗന്നിപ്പറഞ്ഞുവെന്ന് ‘നിതി ആയോഗ്’ സി.ഇ.ഒ അമിതാഭ് കാന്ത് വ്യക്തമാക്കി.
എല്ലാ ജില്ലകളിലും കാലതാമസമില്ലാതെ ഇൗ രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണം. അതുവഴി രാജ്യത്ത് വ്യാപാര അനുകൂല അന്തരീക്ഷം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി ഇൗ വർഷം അവസാനേത്താടെ 12.5 ലക്ഷം വൈ ഫൈ ഹോട്സ്പോട്ടുകൾ ഏർപ്പെടുത്തുന്നതിന് കമീഷൻ അംഗീകാരം നൽകിയതായി യോഗത്തിൽ പെങ്കടുത്ത ഉന്നേതാദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.