2ജി മുക്ത ഭാരതം; വില കുറഞ്ഞ 5ജി ഫോണുകൾക്കായി കൈകോർത്ത് ജിയോയും ഗൂഗ്ളും
text_fieldsഗൂഗ്ളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനുള്ള നീക്കവുമായി ജിയോ. റിലയൻസിെൻറ 43ാം വാർഷിക ജനറൽ മീറ്റിങ്ങിലാണ് (എ.ജി.എം)മുകേഷ് അംബാനി പുതിയ പ്രഖ്യാപനം നടത്തിയത്. 7.7 ശതമാനം ഒാഹരികൾക്കായി ജിയോ പ്ലാറ്റ്ഫോമിൽ ഗൂഗ്ൾ 4.5 ബില്യൺ ഡോളൾ (33,737 കോടി) നിക്ഷേപിച്ചതിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം.
പങ്കാളിത്തത്തിെൻറ ഭാഗമായി ഇരുകമ്പനികളും ഇന്ത്യക്കാർക്ക് താങ്ങാനാവുന്ന വിലയിലുള്ള 5ജി സ്മാർട്ട്ഫോണുകൾ നിർമിക്കും. അതിനോടൊപ്പം ഗൂഗ്ളുമായി സഹകരിച്ച് ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള പുതിയ ഒാപറേറ്റിങ് സിസ്റ്റത്തിെൻറയും പണിപ്പുരയിലാണ് ജിയോ. നേരത്തെ ജിയോ വിപണിയിൽ എത്തിച്ച ലൈഫ് സ്മാർട്ട്ഫോണുകൾ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ പിൻവാങ്ങിയിരുന്നു. ഇത്തവണ ഗൂഗ്ളുമായി സഹകരിച്ച് ഗംഭീര തിരിച്ചുവരവിനാണ് അംബാനിയും കൂട്ടരും ഒരുങ്ങുന്നത്. നിലവിൽ രാജ്യത്ത് നിലനിൽക്കുന്ന ചൈന വിരുദ്ധ വികാരം കൂടി മുതലെടുക്കാനാണ് കമ്പനിയുടെ നീക്കം.
ഗൂഗ്ളുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ എല്ലാ ഇന്ത്യക്കാരെൻറ കയ്യിലും ഒരു സ്മാർട്ട് ഫോൺ എത്തിക്കുക എന്ന തങ്ങളുടെ ലക്ഷ്യം നിറവേറ്റാൻ സാധിക്കുമെന്നും അംബാനി പറയുന്നു. രാജ്യത്ത് 5ജി യുഗം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ 2ജി ഫോണുകൾ ഉപയോഗിച്ചുവരുന്ന ഇന്ത്യയിലെ 35 കോടിയോളം ജനങ്ങളെ 4ജി/5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ കഴിയുമെന്ന പ്രത്യാശയും അംബാനി പ്രകടിപ്പിച്ചു. ജിയോ ഇന്ത്യയെ 2ജി ഫ്രീ രാജ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.