ഗൂഗ്ൾ ഇന്ത്യയിൽ 75,000 കോടി നിക്ഷേപിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽവത്കരണം വേഗത്തിലാക്കാൻ സഹായിക്കുന്ന പദ്ധതികൾക്കായി 75,000 കോടി രൂപ (10 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെ. അടുത്ത അഞ്ച്-ഏഴു വർഷത്തിനിടെ നാലു മേഖലകളിലായാണ് ഇത്രയും തുക മുതൽമുടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രാദേശിക ഭാഷകളിലും വിവര-വിജ്ഞാനം സാധ്യമാക്കൽ, ഇന്ത്യക്കാവശ്യമായ പ്രത്യേക ഉൽപന്നങ്ങളും സേവനങ്ങളും, സാമ്പത്തിക മേഖലയുടെ ഡിജിറ്റൽവത്കരണം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കൽ തുടങ്ങിയവക്കായിരിക്കും ഊന്നലെന്നും പിച്ചെ അറിയിച്ചു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സുന്ദർ പിച്ചെയുമായി കൂടിക്കാഴ്ച നടത്തി. കർഷകരുടെയും യുവാക്കളുടെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിധം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, ഡാറ്റ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ അറിയിച്ചു. വിഡിയോ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.കോവിഡ് കാലത്തെ പുതിയ തൊഴിൽ സംസ്കാരവും ചർച്ചയായി. സൈബർ കുറ്റകൃത്യങ്ങൾ, സൈബർ ഭീഷണി എന്നിവയെ പ്രതിരോധിക്കാൻ സാങ്കേതിക മേഖല കമ്പനികൾക്ക് സാധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഓൺലൈൻ വിദ്യാഭ്യാസം വിപുലമാക്കൽ, കായികരംഗത്ത് സ്റ്റേഡിയത്തിന് തുല്യമായ കാഴ്ചാനുഭവം (ഓഗ്മെൻറഡ് റിയാലിറ്റി) ഒരുക്കൽ, ഡിജിറ്റൽ പണമിടപാട് തുടങ്ങിയ മേഖലകളെപ്പറ്റിയും പ്രധാനമന്ത്രി സംസാരിച്ചു. ബംഗളൂരുവിൽ തുടങ്ങിയ ഗൂഗ്ളിെൻറ നിർമിത ബുദ്ധി ഗവേഷണ കേന്ദ്രം, വെള്ളപ്പൊക്കം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നതിനായുള്ള കമ്പനിയുടെ സംവിധാനങ്ങൾ എന്നിവയെപ്പറ്റി സുന്ദർ പിച്ചെയും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.