ഇസ്രായേൽ വിവരങ്ങൾ ചോർത്തി; വാട്സ് ആപിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നയതന്ത്രപ്രതിനിധികൾ, രാഷ്ട്രീയക്കാർ എന്നിവ രുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ വാട്സ് ആപിനോട് വിശദീകരണം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് നവംബർ നാലിനകം വിശദീകരണം നൽകണമെന്ന് ഐ.ടി മന്ത്രാലയം വാട്സ് ആപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യൻ പൗരൻമാരെ നിരീക്ഷിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2019 മെയിൽ രണ്ടാഴ്ച നിരീക്ഷണം തുടർന്നുവെന്നാണ് വാർത്തകൾ.
ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയാണ് സ്പൈവെയറായ പെഗാസസിെൻറ സൃഷ്ടാവ്. സർക്കാർ ഏജൻസികൾക്ക് മാത്രമാണ് സ്പൈവെയർ നൽകുന്നതെന്നാണ് എൻ.എസ്.ഒയുടെ അവകാശവാദം. സ്പൈവെയർ ആക്രമണത്തിനെതിരെ വാട്സ് ആപ് സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. 75,000 യു.എസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി. മിസ് കോളുകളായി വരുന്ന വീഡിയോ കോളുകളിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്സ് ആപ് ആരോപിക്കുന്നത്. ഉപയോക്താവ് അറിയാതെ ഫോണിലെത്തുന്ന പെഗാസസ് വ്യക്തിഗത വിവരങ്ങളായ പാസ്വേർഡ്, കോൺടാക്ട്, കലണ്ടർ ഇവൻറ് എന്നിവ ചോർത്തുന്നു.
ഇന്ത്യക്ക് പുറമേ മറ്റ് ചില രാജ്യങ്ങളിലെ വ്യക്തികളുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്. അതേസമയം, എൻ.എസ്.ഒ ആരോപണങ്ങൾ നിഷേധിച്ചു. അംഗീകൃത സർക്കാർ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മാത്രമാണ് സേവനം നൽകുന്നതെന്നും എൻ.എസ്.ഒ വ്യക്തമാക്കി. ലോകത്ത് ഏകദേശം 150 കോടി വാട്സ് ആപ് ഉപയോക്താക്കളിൽ 40 കോടിയും ഇന്ത്യയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.