വർക് ഫ്രം ഹോം വിനയായെന്ന്; ബ്രിട്ടനിൽ നെറ്റ്വർക് തകരാറിൽ
text_fieldsലണ്ടൻ: കോവിഡ് 19 വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രിട്ടനിൽ സർവ മേഖലയിലും ശക്തമായ നിയന്ത്രണങ്ങൾ തുടരവേ മൊബൈൽ നെറ്റ്വർക് തകരാറിലായി. കൊറോണ വ്യാപനം തടയാൻ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദേശിച്ചിരുന്നു. അതിന് പിന്നാലെ എല്ലായിടത്തും മൊബൈൽ നെറ്റ്വർക് തകരാറിലായതായതായി ഉപഭോക്താക്കൾ പരാതിയുന്നയിക്കുകയായിരുന്നു.
ആളുകൾ ഒരുമിച്ച് കൂടുന്നത് തടയുന്നതിനായി പല രാജ്യങ്ങളും ‘വർക് ഫ്രം ഹോം’ പ്രോത്സാഹിപ്പിക്കുകയാണ്. മിക്ക െഎ.ടി കമ്പനികളും അതേറ്റെടുത്ത് തൊഴിലാളികളെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ടുമുണ്ട്. ഇതിനെ തുടർന്ന് ഇൻറർനെറ്റ് ട്രാഫിക് ക്രമാതീതമായി വർധിക്കുകയും മൊബൈൽ സേവനദാതാക്കളിൽ അത് കൂടുതൽ സമ്മർദമുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സിനോടും ആമസോൺ പ്രൈമിനോട് അവരുടെ വിഡിയോ സ്ട്രീമിങ് എച്ച്.ഡി ക്വാളിറ്റിയിൽ നിന്നും സ്റ്റാൻഡേർഡ് ഡെഫിനിഷനായി കുറക്കാൻ ഇന്ത്യയിൽ നിന്നടക്കം ആവശ്യമുയർന്നിരുന്നു. ബ്രിട്ടനിൽ നെറ്റ്ഫ്ലിക്സ് അവരുടെ വിഷ്വൽ ക്വാളിറ്റി കുറച്ചാണ് നിലവിൽ വിഡിയോകൾ പ്രദർശിപ്പിക്കുന്നത്.
അതേസമയം, വീട്ടിൽ നിന്നും ജോലി ചെയ്യുന്നവർ മൂലമല്ല നെറ്റ്വർകിന് തകരാർ വരുന്നതെന്ന് ബ്രിട്ടനിലെ മൊബൈൽ സേവനദാതാക്കർ അറിയിച്ചു. ഇ.ഇ, ത്രീ, ഒ2, വൊഡാഫോൺ തുടങ്ങിയ ഒാപറേറ്റർമാരാണ് നിലവിൽ നെറ്റ്വർക് പ്രശ്നം അനുഭവിക്കുന്നത്. ഒ2 എന്ന കമ്പനിയാണ് നെറ്റ്വർക് തകരാറിന് കാരണമെന്ന് മറ്റ് കമ്പനികൾ ആരോപിച്ചിരുന്നു. എന്നാൽ ഒ2 അത് നിഷേധിച്ച് രംഗത്തെത്തി.
രാജ്യത്ത് മികച്ച നെറ്റ്വർക് ഉറപ്പുവരുത്തേണ്ട സാഹചര്യത്തിൽ പരസ്പരം പഴിചാരാതെ ഒരുമിച്ച് പണിയെടുത്ത് അത് പുനഃസ്ഥാപിക്കാൻ ശ്രമിക്കാമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.