ഇല്ലാത്ത റെഡ് മെർക്കുറിക്കായി റേഡിയോ തേടി അലയണ്ട; കാശ് വെള്ളത്തിലാകും
text_fieldsകോഴിക്കോട്: ഇല്ലാത്ത റെഡ് മെർക്കുറി തേടി നെട്ടോട്ടം. പഴയ റേഡിയോകളുടെയും മറ്റു ം ഉള്ളിലുണ്ടെന്ന് പറയുന്ന ചുവന്ന രാസപദാർഥമായ റെഡ് മെർക്കുറിക്ക് ലക്ഷങ്ങൾ ലഭ ിക്കുമെന്ന പ്രചാരണമാണ് കോവിഡ് കാലത്തും ഇതിനായി കുറേപ്പേർ ഇറങ്ങിപ്പുറപ്പെടാൻ കാരണം. റെഡ് മെർക്കുറി അത്ഭുതസിദ്ധിയുള്ളതാണെന്നും അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുമെന്നും പഴയ റേഡിയോ സെറ്റുകളിൽ ഇവയുണ്ടെന്നും സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചാരണം തുടങ്ങിയതാണ് നെട്ടോട്ടത്തിന് കാരണം.
ഏതാനും ദിവസമായി പഴയ റേഡിയോ ചോദിച്ച് നിരവധിപേരാണ് വിളിക്കുന്നതെന്ന് നഗരത്തിലെ പുരാവസ്തു ശേഖകരും പഴയ റേഡിയോ നന്നാക്കുന്നവരും പറയുന്നു. ദിവസം ചുരുങ്ങിയത് 50 പേർ പഴയ വാൽവ് റേഡിയോ ചോദിച്ച് വിളിക്കുന്നതായി കോഴിക്കോട്ടെ പ്രമുഖ റേഡിയോ മെക്കാനിക് ഗ്രാമഫോൺ ഷാഫി എന്ന മുഹമ്മദ് ഷാഫി പറയുന്നു.
സുഹൃത്തിന് വേണ്ടിയെന്നൊക്കെ പറഞ്ഞാണ് വിളിയെങ്കിലും റെഡ് മെർക്കുറി തേടിയാണെന്ന് മനസ്സിലാവുന്നതിനാൽ ആദ്യമേ സാധനമില്ലെന്നുപറഞ്ഞ് ഒഴിയും. പുരാവസ്തു ശേഖകരെ തേടി ദൂരദിക്കിൽ നിന്നുപോലും വിളിവരുന്നതായി കേരള ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ സെക്രട്ടറി റഷീദ് മക്കട പറഞ്ഞു. ലക്ഷങ്ങൾ തരാമെന്ന് വരെ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഫോൺവിളി വരുന്നതായി മലപ്പുറത്തെ പ്രമുഖ റേഡിയോ മെക്കാനിക് കെ.പി. മോഹൻദാസ് പറഞ്ഞു.
പണം മോഹിച്ച് പുരാവസ്തു മൂല്യമുള്ള റേഡിയോകൾ പലരും തല്ലിപ്പൊളിക്കുകയാണെന്ന് മുഹമ്മദ് ഷാഫി പറഞ്ഞു. വെള്ളിമൂങ്ങക്ക് അത്ഭുതസിദ്ധിയുണ്ടെന്ന് പ്രചരിപ്പിച്ച് മുമ്പ് പലരും വെള്ളിമൂങ്ങ വേട്ടക്കിറങ്ങിയിരുന്നു. റെഡ്മെർക്കുറിയെന്ന രാസവസ്തു തങ്ങളിതുവരെ കണ്ടിട്ടില്ലെന്ന് വർഷങ്ങളായി റേഡിയോ റിപ്പയർ രംഗത്തുള്ളവർ പറയുന്നു. റെഡ് മെർക്കുറിയെപ്പറ്റി അന്താരാഷ്ട്ര തലത്തിലും നിരവധി ഉൗഹാപോഹങ്ങൾ വിവിധ വെബ്സൈറ്റിലും യുട്യൂബിലും പ്രചരിക്കുന്നുവെങ്കിലും അതിെൻറ നിലനിൽപുപോലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.