ഇതാ യൂട്യൂബിൻെറ പുതിയ രാജകുമാരൻ; ഈ വർഷത്തെ വരുമാനം 154.84 കോടി
text_fieldsവാഷിങ്ടണ്‍: യൂടൂബിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നയാളെന്ന റെക്കോർഡ് സ്വന്തമാക്കി ഏഴ് വയസുകാരനായ റിയാനെ. അമേരിക്കക്കാരനായ റിയാനെയുടെ യൂട്യൂബ് ചാനലായ ടോയ്സ്റിവ്യൂ ആണ് ഈ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയതെന്ന് ഫോര്‍ബ്സ് മാസിക റിപ്പോർട്ട് ചെയ്യുന്നു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ പത്ത് യൂടൂബര്‍മാരുടെ ലിസ്റ്റിൽ ഒന്നാമതാണ് ഏഴു വയസുകാരൻ. ഈ വര്‍ഷം മാത്രം റിയാൻെറ യൂട്യൂബ് ചാനലുണ്ടാക്കിയിരിക്കുന്ന വരുമാനം 22 ദശലക്ഷം ഡോളറാണ് (154.84 കോടി). റിയാൻെറ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തേക്കാള്‍ ഇരട്ടിയാണ് ഇത്. 2017ല്‍ എട്ടാം സ്ഥാനത്തായിരുന്നു റിയാന്‍. റിയാന്റെ ചാനലിലെ ഒരു വീഡിയോ മാത്രം കണ്ടിരിക്കുന്നത് 160 കോടി ആളുകളാണ്. 1.7 കോടിയോളം പേരാണ് ഈ ചാനൽ ഇതുവരെ സബസ്ക്രൈബ് ചെയ്തിരിക്കുന്നത്.
കളിപ്പാട്ടങ്ങളെ വിലയിരുത്തുകയാണ് ഈ ഏഴ് വയസുകാരന്‍ ചാനലിൽ ചെയ്യുന്നത്. യൂടൂബിൽ റിയാൻെറ വിഡിയോകൾ പ്രശസ്തമായതോടെ ബഹുരാഷ്ട്ര കമ്പനികൾ റിയാൻെറ പേരില്‍ കളിപ്പാട്ടങ്ങള്‍ ഇറക്കാന്‍ തുടങ്ങിയിരുന്നു. നിരവധി പ്രമുഖ യൂടുബർ 'ചേട്ടന്മാരെ' പിന്നിലാക്കിയാണ് റിയാൻറെ നേട്ടം. മകൻ വളരുന്നത് വിദേശത്തെ ബന്ധുക്കളുമായി പങ്ക് വയ്ക്കുന്നതിനായാണ് ചാനല്‍ തുടങ്ങിയതെന്ന് റിയാൻെറ പിതാവ് വിശദീകരിച്ചു.
യൂടൂബിൽ വിഡിയോ കാണുമ്പോൾ വരുന്ന പരസ്യങ്ങൾക്കനുസരിച്ചാണ് ചാനൽ കൈകാര്യം ചെയ്യുന്നയാൾക്ക് പരസ്യം ലഭിക്കുന്നത്. കാണുന്ന വിഡിയോയുമായി ബന്ധമുള്ള പരസ്യങ്ങൾ ആണ് യൂടൂബ് പ്രദർശിപ്പിക്കുക. അമേരിക്കൻ-യുറോപ്യൻ യൂടുബർമാരെ അപേക്ഷിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യൂടുബർമാർക്ക് കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.