ഉഷ്ണമാണെന്ന് വെച്ച് എ.സിയുമെടുത്ത് നടക്കാൻ പറ്റുമോ...? പറ്റുമെന്ന് സോണി
text_fieldsഏഷ്യൻ രാജ്യങ്ങളിലെ ഉഷ്ണകാലം സഹിക്കാവുന്നതിലുമപ്പുറമായി മാറിയിരിക്കുകയാണ്. വീടുകളിലും ഒാഫീസുകളിലും കടകളിലും ഫാൻ മാത്രം സ്ഥാപിച്ചതുകൊണ്ട് വേനലിൽ നിന്നും രക്ഷനേടാൻ കഴിയാത്ത സാഹചര്യമായതോടെ എയർ കണ്ടീഷ്ണറുകളുടെ വിൽപ്പന വർധിച്ചു. എന്നാൽ അത്യാവശ്യത്തിന് പുറത്തിറങ്ങാമെന്നുവെച്ചാൽ എ.സിയുമെടുത്ത് ഇറങ്ങാൻ സാധിക്കില്ലല്ലോ... ജപ്പാൻ കമ്പനിയായ സോണി അതും സാധ്യമാക്കിയിരിക്കുകയാണ്.
‘റയോൺ പോക്കറ്റ്’ എന്നാണ് പുതിയ സംഭവത്തിെൻറ പേര്. കേൾക്കുേമ്പാൾ മണ്ടത്തരമെന്ന് തോന്നും. ‘ധരിച്ചുനടക്കാൻ സാധിക്കുന്ന എയർ കണ്ടീഷ്ണർ’ അഥവാ പോക്കറ്റ് എ.സി അവതരിപ്പിച്ചിരിക്കുകയാണ് സോണി. റയോൺ പോക്കറ്റ് എന്ന ധരിക്കാവുന്ന എ.സി സോണി നിർമിച്ച് അവതരിപ്പിച്ചത് ‘ഫസ്റ്റ് ഫ്ലൈറ്റ്’ എന്ന അവരുടെ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ്. വേനൽക്കാലത്ത് ഇൗ ഉപകരണം ഉപയോഗിക്കുന്നതിലൂടെ തണുപ്പ് ലഭിക്കുകയും ശരീരത്തെ വിയർപ്പില്ലാതെ നിലനിർത്തുകയും ചെയ്യും.
അതിശൈത്യമുള്ള സമയത്ത് ചൂടേകാനും റയോൺ പോക്കറ്റിന് കഴിയും. വളരെ ഒതുക്കമുള്ള ഇൗ ഉപകരണം കൈയ്യിലൊതുങ്ങുമെന്നതും പ്രത്യേകതയാണ്. ചൂടുകാലത്തും തണുപ്പുകാലത്തും പോക്കറ്റ് എ.സി കയ്യിലുണ്ടെങ്കിൽ അവയിൽ നിന്നും രക്ഷനേടാമെന്നർഥം. എന്നാൽ, റയോൺ പോക്കറ്റിനെ അതിെൻറ പൂർണ്ണതയിൽ ഉപയോഗിക്കണമെങ്കിൽ കൂടെ ലഭിക്കുന്ന ഇന്നർ ബനിയൻ കൂടി ധരിക്കണം.
V-ഷേപ്പ് നെക്കുള്ള ബനിയെൻറ പ്രത്യേക ഭാഗത്ത് സജ്ജീകരിച്ച ചെറിയ പോക്കറ്റിൽ റയോൺ പോക്കറ്റ് എന്ന ഉപകരണം ഇടണം. ഇന്നർ ബനിയൻ ധരിച്ചാൽ ഇരു തോളുകൾക്കും ഇടയിലായിട്ടുള്ള ഭാഗത്തായിരിക്കും പോക്കറ്റ് എ.സി സ്ഥാനം പിടിക്കുക. ശേഷം സോണിയുടെ ആപ്പ് ഡൗൺലോഡ് ചെയ്താൽ ‘ധരിക്കാവുന്ന എ.സിയെ അതിലൂടെ നിയന്ത്രിക്കാം.
പ്ലേ സ്റ്റോറിലും ആപ്പിളിെൻറ ആപ് സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. ബ്ലൂടൂത്ത് വഴി ആപ്പിനെ റയോൺ പോക്കറ്റുമായി കണക്ട് ചെയ്ത് ആവശ്യമുള്ള ലെവലിൽ ശരീരത്തെ തണുപ്പിക്കാനും ചൂടാക്കാനും സാധിക്കും. നിലവിൽ ജപ്പാനിൽ മാത്രം ലഭ്യമായ റയോൺ പോക്കറ്റിന് 9,107 ഇന്ത്യൻ രൂപ നൽകേണ്ടിവരും. വൈകാതെ മറ്റ് രാജ്യങ്ങളിലും ധരിക്കാവുന്ന എ.സി അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് സോണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.