ചൈനയുടെ വിവാദ സുരക്ഷ നിയമം; ടിക്ടോക് ഹോങ്കോങ് വിടുന്നു
text_fieldsബെയ്ജിങ്: ചൈന പുതിയ സുരക്ഷ നിയമം നടപ്പാക്കിയ സാഹചര്യത്തിൽ ഹോങ്കോങ് വിടാനൊരുങ്ങി ടിക്ടോക്. ദിവസങ്ങൾക്കകം നടപടി പൂർത്തിയാകും. ഉപഭോക്താവിെൻറ വിവരങ്ങൾ പങ്കിടുന്നതിൽ ഹോങ്കോങ് പൊലീസുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കും ട്വിറ്ററും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ബൈറ്റ്ഡാൻസ്’ ആണ് ടിക്ടോക് പുറത്തിറക്കിയത്. ചൈനക്ക് പുറത്തുള്ളവരാണ് ടിക്ടോക്കിെൻറ ഉപയോക്താക്കൾ. വാൾട്ട് ഡിസ്നിയിലെ മുൻ എക്സിക്യൂട്ടീവ് കെവിൻ മേയർ ആണ് നിലവിൽ ടിക്ടോക് നടത്തുന്നത്. ആപ്പിെൻറ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചത് ചൈനയിലല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ നൽകാൻ ചൈന ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ആവശ്യപ്പെട്ടാൽ അത് നൽകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിവാദ ദേശീയ സുരക്ഷ നിയമം ഹോങ്കോങ്ങിൽ ചൈനക്ക് വൻ അധികാരങ്ങളാണ് നൽകുന്നത്. ഇത് വ്യക്തിവിവരങ്ങളുടെ സ്വകാര്യതയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഈ നിയമപ്രകാരം ദേശീയ സുരക്ഷയെ ബാധിക്കുന്നതും വിദേശ ശക്തികളുമായി ഐക്യപ്പെടുന്നതുമായ പ്രവർത്തനം ജീവിതകാലം മുഴുവൻ തടവിൽ കിടക്കേണ്ടി വരുന്ന ശിക്ഷ ലഭിക്കാനുള്ള കാരണമായി മാറും.
അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കുന്ന ഹോങ്കോങ്ങിെൻറ അസ്തിത്വം തന്നെ തകർക്കുന്ന നിയമമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയുടെ സുരക്ഷ നിയമത്തിെൻറ പേരിൽ ഹോങ്കോങ്ങിലെ പ്രവർത്തനം നിർത്തുന്നത് ടിക്ടോക്കിെൻറ ആഗോള പ്രതിച്ഛായ വർധിക്കാൻ കാരണമാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. തങ്ങളുടേത് ചൈനയുടെ തീട്ടൂരമനുസരിച്ച് പ്രവർത്തിക്കുന്ന ആപ്പല്ല എന്ന കാര്യം ലോകത്തോട് പറയാനുള്ള അവസരമായി ടിക്ടോക് ഇത് ഉപയോഗിക്കും.
ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് യു.എസും
വാഷിങ്ടൺ: ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം യു.എസ് പരിഗണനയിൽ. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ ഈ ആപ്പുകൾ ബെയ്ജിങ് ഉപയോഗിക്കുന്നു എന്ന ആരോപണത്തിനിടെയാണിത്. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര സ്ഥാപനങ്ങൾ ഇൻറലിജൻസ് വിഭാഗവുമായി സഹകരിക്കണമെന്ന് ചൈനയിൽ നിയമമുണ്ട്. അതിനാൽ, ചൈനീസ് ആപ്പുകൾ യു.എസിൽ ഉപയോഗിക്കുന്നതിനെതിരെ അവിടത്തെ രാഷ്ട്രീയ നേതാക്കൾ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.