പാലക്കാട്ടെ ചൂടിന് ശമനമില്ല; വേനൽകാലം ജില്ലക്ക് ആശങ്ക തന്നെ
text_fieldsപാലക്കാട്: ഇന്ത്യയിൽ തന്നെ ഉയർന്ന താപനില പാലക്കാട്ട് രേഖപ്പെടുത്തിയപ്പോൾ ജില്ലയിൽ ആശങ്കയേറുന്നു. ചൂട് കനക്കുന്നതിന്റെ സൂചനയായി ആദ്യ സൂര്യാതപം മണ്ണാർക്കാട്ട് റിപ്പോർട്ട് ചെയ്തത് പുറംതൊഴിലെടുക്കുന്നവരിലും ആശങ്കയേറ്റുന്നു.
തെങ്കര തോടുകാട് ആലിക്കല്‍ വീട്ടില്‍ സൈതലവിക്കാണ് പെയിന്റിങ് തൊഴിലിനിടെ സൂര്യാതപമേറ്റത്.
സാധാരണ നിലയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ചൂട് അധികരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നിലനിൽക്കേയാണ് ഉയർന്ന താപനിലയായ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ സൂര്യാതപമേറ്റത്.
വരുംദിവസങ്ങളിൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത കൽപ്പിക്കുന്നമ്പോഴാണ് പുറംജോലികൾ ചെയ്യുന്ന തൊഴിലാളികളിൽ ആശങ്ക ജനിപ്പിക്കുന്ന തരത്തിൽ ആഘാതങ്ങളുണ്ടാകുന്നത്.
സർക്കാർ നിർദേശങ്ങൾ ശക്തമാവുമ്പോഴും കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുന്ന പലരും ആ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.
ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന സമയക്രമം പാലിക്കാതെയാണ് ജില്ലയിലെ പല ജോലികളും പുരോഗമിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയുമുണ്ടാവും. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.