ദ റേസർ
text_fieldsമലപ്പുറം ജില്ലയിലെ മാറഞ്ചേരി എന്ന ഗ്രാമം ഇനി ചരിത്രത്തിൽ ഇടംപിടിക്കാൻ പോകുന്നത് ബൈക്ക് റാലിയുടെ സാഹസിക വേഗങ്ങളുടെ രാജകുമാരൻ ശരത് മോഹന്റെ പേരിലായിരിക്കും. ലോകത്തിലെ പ്രമുഖ ബൈക്ക് റേസർമാരെല്ലാം പങ്കെടുക്കുന്ന ദുബൈ ഇന്റർനാഷനൽ ബാഹ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന ഏക മത്സരാർഥിയാണ് ശരത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയും. നവംബറിലാണ് മത്സരം. ഇന്ത്യയിലെ പ്രധാന റേസിങ് മത്സരങ്ങളിലെല്ലാം വെന്നിക്കൊടി പാറിച്ച ആത്മവിശ്വാസവുമായാണ് ശരത് ദുബൈയിലെത്തുന്നത്.
husqvarna fx 450
ദുബൈ അൽ ഖുദ്റയിലെ മണൽക്കാടുകളിൽ പരിശീലനം നടത്തുകയാണ് ഈ 27കാരനിപ്പോൾ. നാട്ടിലെ പച്ചപ്പിൽനിന്നെത്തി മരുഭൂമിയിൽ വന്ന് പരിശീലനം നടത്തുമ്പോൾ കുളത്തിൽനിന്ന് കടലിലേക്ക് വന്ന പ്രതീതിയാണെന്ന് ശരത് പറയുന്നു. ‘‘കടലിലെ വേലിയേറ്റംപോലെ മരുഭൂമിക്കുമുണ്ട് ചില കൂടുമാറ്റങ്ങൾ. ഇത് നന്നായി പഠിച്ചുവേണം കളത്തിലിറങ്ങാൻ.
പൊടിക്കാറ്റിന്റെ അകമ്പടിയോടെയുള്ള ഈ നിറമാറ്റം കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ മുന്നോട്ടുപോകാനാവൂ’’ -ശരത് പറയുന്നു. തന്റെ സന്തത സഹചാരിയായ husqvarna fx 450 ബൈക്കിലാണ് ശരത് റേസിങ് നടത്തുന്നത്. ‘‘ഖുദ്റയിലെ മൺകൂനകളിലെ കയറ്റിറക്കങ്ങൾക്ക് മായിക ഭാവമാണ്. മരുഭൂമിയുടെ മനഃശാസ്ത്രം കൃത്യമായി പഠിച്ചില്ലെങ്കിൽ പണികിട്ടും.
ബൈക്കുമായി കളത്തിലിറങ്ങുമ്പോൾ ആദ്യമായി ഇണങ്ങിയത് മരുഭൂമിയുമായിട്ടാണ്. പരിശീലനത്തിന്റെ ഭാഗമായി അബൂദബിയിലെ ലിവ മരുഭൂമിയിലും റേസിങ് നടത്താറുണ്ട്’’ -ആത്മവിശ്വാസത്തോടെ ശരത് കൂട്ടിച്ചേർക്കുന്നു.
മരുഭൂമിയുടെ നിയമങ്ങൾ
ഓരോ മണൽമടക്കുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കാറ്റിനേക്കാളും നന്നായി ഇപ്പോൾ ശരത്തിനറിയാം. കടുത്ത നിയമങ്ങളാണ് ദുബൈ ബാഹയിലുള്ളത്. അതുകൊണ്ടുതന്നെ മരുഭൂമിയെ മനസ്സുമായി ലയിപ്പിച്ചുവേണം ബൈക്കുമായി പറക്കാൻ. 12ാം വയസ്സിലാണ് ശരത് മോഹനും ബൈക്കും കൂട്ടുകാരായത്. വീട്ടുവളപ്പിലെ പൂഴിപ്പരപ്പുകളിലായിരുന്നു കന്നിയോട്ടം.
അതിരുകൾ വേർതിരിക്കുന്ന ചെറിയ മടക്കുകൾ വലിയ കുന്നുകളായി സങ്കൽപിച്ച് ബൈക്ക് പായിച്ചു. അകലങ്ങളെ സാഹസിക വേഗങ്ങൾകൊണ്ട് അടുപ്പിക്കുന്ന റാലികൾ അന്നുമുതൽ തന്നെ കൂട്ടുകാരായി. ബൈക്കോട്ടത്തിലെ സാഹസികതകൾ കാണലായി പിന്നത്തെ വിനോദം. ഡേർട്ട് റേസ്, റാലി കോമ്പറ്റീഷൻസ് എന്നിവയാണ് ശരത്തിനെ ഏറെ ആകർഷിച്ചത്.
വിജയത്തിലേക്കുള്ള ഗിയർ ചേഞ്ച്
2014 മുതൽ തുടങ്ങിയ സാഹസിക പരിശീലനങ്ങൾക്കിടയിൽ പല പ്രതിസന്ധികളും കടന്നുവന്നെങ്കിലും അതിനെയെല്ലാം അത്മവിശ്വാസത്തോടെ നേരിട്ടാണ് പങ്കെടുത്ത 95 ശതമാനം മത്സരങ്ങളിലും ശരത് വിജയപതാക പാറിച്ചത്. 2017 മുതലായിരുന്നു പ്രധാന മത്സരങ്ങളിലേക്കുള്ള ഗിയർ ചേഞ്ച്. എം.ആർ.എഫ് നാഷനൽ സൂപ്പർക്രോസ് ചാമ്പ്യൻഷിപ്പിന്റെ മൂന്ന് റൗണ്ടുകളിലും വിജയിച്ച് ശരത് വരവറിയിച്ചു.
തുടർന്ന് 2018, 2020, 2021, 2022 വർഷങ്ങളിലും തന്‍റെ വിജയം ആവർത്തിച്ചു. ആത്മവിശ്വാസത്തിന്റെ ട്രാക്കിലൂടെ കുതിച്ചുപാഞ്ഞ് ദേശീയ ചാമ്പ്യൻപട്ടം എന്ന സ്വപ്നത്തിന്‍റെ അടുത്തെത്തിയപ്പോഴാണ് 2021 ഡിസംബറിൽ അപകടം റെഡ് സിഗ്നലായി കടന്നുവന്നത്. അപകടത്തിൽ ശരത്തിന് കാര്യമായ പരിക്ക് പറ്റി. റേസ് ട്രാക്കിനോട് യാത്ര പറയേണ്ടിവരുമോയെന്ന് ചിന്തിച്ച മാസങ്ങൾ; മരുന്നുകൾ. എന്നാൽ, ശരീരത്തിനേറ്റ പരിക്കുകൾക്ക് ശരത്തിന്റെ മനസ്സിനെ തൊടാൻപോലും കഴിഞ്ഞില്ല. വേദനകൾക്കപ്പുറം പ്രതീക്ഷയുടെ റേസ് ട്രാക്കുകളിലൂടെ മനസ്സ് പറക്കാൻ തുടങ്ങി.
തിരിച്ചുവരവ്
ട്രാക്കിന്റെ ഉയർച്ച-താഴ്ചകളെ പ്രതീക്ഷ എന്നുവിളിച്ച നാളുകൾ. പരിക്കുകൾ തോറ്റ് പിന്മാറിയപ്പോൾ ജയിക്കാനുള്ള മനക്കരുത്തും റേസിങ് ഗിയറുകളുമണിഞ്ഞ് വീണ്ടും സാഹസികതയുടെ ട്രാക്കിലെത്തി. ദുബൈയിലെ മത്സരം കഴിഞ്ഞാൽ അബൂദബിയിലെ പ്രശസ്തമായ ഡെസേർട്ട് ചലഞ്ചിലും ശരത് മത്സരിക്കുന്നുണ്ട്. പ്രശസ്തമായ ഡക്കാർ റാലിയിലേക്കുള്ള വഴിയിലാണിപ്പോൾ ശരത്തിന്റെ സ്വപ്നം.
അതിന്റെകൂടി തയാറെടുപ്പിലാണ് ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദധാരിയുമായ ശരത്തിപ്പോൾ. നിലവിൽ പരിശീലനങ്ങൾക്കും മറ്റുമുള്ള പണം സ്വയം കണ്ടെത്തുകയാണ് ശരത്. സ്‌പോൺസർഷിപ് നൽകി തന്നെ പിന്തുണക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയും അവനുണ്ട്. രാജ്മോഹൻ-ഷൈനി ദമ്പതികളുടെ മകനാണ് ശരത്. രഞ്ജിത്താണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.