ജാമിഅ സമരക്കാര്‍ക്കെതിരെ പൊലീസിെൻറ ലൈംഗികാതിക്രമം, റിപ്പോര്‍ട്ട് നടുക്കുന്നത്
text_fields
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യയില്‍ ഡല്‍ഹി പൊലീസ് നടത്തിയ ആക്രമണത്തില്‍ സ്ത്രീകള്‍ക്കു നേരെ നടന്ന ലൈംഗികാതിക്രമങ്ങളുടെ നടുക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടു. 15ഓളം സ്ത്രീകളാണ് പുരുഷ പൊലീസുകാര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ നോക്കുകയും രഹസ്യഭാഗങ്ങളില്‍ ക്രൂരമായി മര്‍ദിക്കുകയും ലാത്തി കയറ്റുകയും ചെയ്തതടക്കമുള്ള ക്രൂരകൃത്യങ്ങള്‍ പ്രമുഖ വിവരാവകാശ പ്രവര്‍ത്തക അരുണ റോയിയുടെ അധ്യക്ഷയായ നാഷനല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ വിമനിെൻറ (എന്‍.എഫ്.ഐ.ഡബ്ല്യു) വസ്തുതാന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയത്.
ഇരകളും ബന്ധുക്കളും നിരന്തരം പൊലീസ് ഭീഷണിക്ക് വിധേയമായതുകൊണ്ടാണ് ഫെബ്രുവരി 10ന് നടന്ന അതിക്രമത്തെക്കുറിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ വൈകിയത്. രാസവാതകം ഉപയോഗിച്ച കാര്യം പൊലീസ് നിഷേധിച്ചുവെങ്കിലും അതുപയോഗിച്ചിട്ടുണ്ടെന്നും അതിെൻറ പ്രയാസം ഇപ്പോഴും നേരിടുന്നുണ്ടെന്നും സമരക്കാര്‍ പറഞ്ഞു.
എന്നാൽ, ഇതേക്കുറിച്ച് പറയാൻ ചികിത്സിച്ച ആശുപത്രികളും ധൈര്യപ്പെടുന്നില്ല. പൊലീസ് അതിക്രമത്തിെൻറ പരാതികളിലൊന്നിലും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ ഡല്‍ഹി പൊലീസ് തയാറാകാത്ത സാഹചര്യത്തില്‍ ഹീനമായ അതിക്രമത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് എന്‍.എഫ്.ഐ.ഡബ്ല്യു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു.
ഫെബ്രുവരി 10ന് ജാമിഅ മുതല്‍ പൊലീസ് സ്റ്റേഷന് വരെ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധവളപത്രം പുറത്തിറക്കുക, സമരക്കാര്‍ക്കു നേരെ രാസവസ്തു ഉപയോഗിച്ചോ എന്ന് ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുക എന്നീ ആവശ്യങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെച്ചു. ജാമിഅ അതിക്രമങ്ങള്‍ക്കു ശേഷം ജനാധിപത്യ രീതിയിൽ സമരം ചെയ്യുന്നവർക്കു നേരെയുള്ള പൊലീസ് തേര്‍വാഴ്ച സാധാരണ സംഭവമാക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നും അത് അനുവദിക്കരുതെന്നും അരുണ റോയ് ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണം തടയാന്‍ തങ്ങള്‍ രംഗത്തിറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകള്‍, വിശേഷിച്ചും മുസ്ലിം സ്ത്രീകള്‍ നയിച്ച സി.എ.എ -എന്‍.ആര്.സി - എന്‍.പി.ആര് വിരുദ്ധ സമരങ്ങളെ അക്രമവുമായി ബന്ധിപ്പിക്കുന്നത് സി.പി.ഐ നേതാവും എന്‍.എഫ്.ഐ.ഡബ്ല്യു ജനറൽ സെക്രട്ടറിയുമായ ആനി രാജ ചോദ്യംചെയ്തു.
ക്രൂരമായ ലൈംഗികാതിക്രമത്തിൽ 15 സ്ത്രീകൾക്കും 30 പുരുഷന്മാർക്കും പരിക്കേറ്റു
സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം അഴിച്ചുവിട്ട പുരുഷ പൊലീസുകാര്‍ നെഞ്ചിലും വയറ്റത്തും നാഭിയിലും ബൂട്ടുകൊണ്ടിടിച്ചു. രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 15ഒാളം സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി മുറിവേറ്റ സ്ത്രീകളെ നേരില്‍ കണ്ടു.
രക്തം വാര്‍ന്ന് ആഴ്ചകളോളമാണ് അവര്‍ കിടന്നത്. കൗമാരക്കാരി മുതല്‍ 60കാരിവരെ ലൈംഗികാക്രമണത്തിനിരയായി. ഇതിനെത്തുടര്‍ന്ന് നിരവധി രോഗങ്ങള്‍ ഇപ്പോഴും ഈ സ്ത്രീകളെ വേട്ടയാടുകയാണ്. ഇരകള്‍, അവരെ സഹായിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നിയമ-വൈദ്യ ഉപദേശകര്‍ എന്നിവര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
30 പുരുഷന്മാര്ക്ക് നേരെയും ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടന്നു. സ്ത്രീകളുടേതിനു സമാനമായിരുന്നു ജാമിഅയില്‍നിന്ന് അറസ്റ്റിലായ പുരുഷന്മാര് നേരിട്ട ലൈംഗികാതിക്രമങ്ങളും. അവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. സമരക്കാരെ കസ്റ്റഡിയിലെടുത്ത ബസുകളിലും അതിക്രമം തുടർന്നതായും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.