ഗോത്രവിഭാഗക്കാരായ 460 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ സര്‍വിസില്‍ പ്രവേശിച്ചു
text_fieldsതൃശൂർ: ആദിവാസി ഗോത്രവിഭാഗക്കാരായ അഞ്ഞൂറോളം പേര് ഒരേ സമയം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായി സര്‍വിസില്‍ പ്രവേശിക്കുന്നത് ചരിത്രസംഭവമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. പൊലീസ് അക്കാദമിയില്‍ നടന്ന 460 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദിവാസിവിഭാഗത്തിന്റെ ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും നിരവധി പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രയോജനം വേണ്ടത്ര ലഭിച്ചിരുന്നെങ്കില്‍ അവര്‍ ഇന്ന് സമൂഹത്തിന്റെ മുഖ്യധാരയില്‍ വരുമായിരുന്നു. അവരെ സ്വയംപര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്ന് തിരിച്ചറിഞ്ഞാണ് സ്ഥിരം തൊഴിലും വരുമാനവും നൽകുകയെന്ന സമീപനത്തിലേക്ക് സര്‍ക്കാര്‍ മാറിയതെന്നും മന്ത്രി പറഞ്ഞു. പാസിങ് ഔട്ട് പരേഡില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന് സല്യൂട്ട് സ്വീകരിച്ചു.
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഗംഗാസിങ് അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ എ.ഡി.ജി.പി ഗോപേഷ് അഗര്‍വാളിനെ മന്ത്രി ആദരിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച പരിശീലനാർഥികള്‍ക്ക് മന്ത്രി എ.കെ. ശശീന്ദ്രന് ട്രോഫികള്‍ നല്കി. വി.ആര്. അമ്പിളി ബെസ്റ്റ് ഇൻഡോര്‍ പെര്‍ഫോര്‍മറായും, വി.കെ. ലിനീഷ് ബെസ്റ്റ് ഔട്ട് ഡോര്‍ പെര്‍ഫോര്‍മറായും കെ.ആര്. രാഹുല്‍ ബെസ്റ്റ് ആള്റൗണ്ടറായും തെരഞ്ഞെടുക്കപ്പെട്ടു.
വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ എൻറോള്‍ ചെയ്ത 123ാമത് ബാച്ചിലെ 238 പേരും അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എൻറോള്‍ ചെയ്ത 87ാമത് ബാച്ചിലെ 222 പേരുമുള്‍പ്പെടെ 460 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. 372 പുരുഷന്മാരും 88 വനിതകളുമുള്പ്പെടുന്നു.
തിരുവനന്തപുരം- 18, പത്തനംതിട്ട- 10, കൊല്ലം- 10, കോട്ടയം- 21, ഇടുക്കി- 35, എറണാകുളം- 12, തൃശൂര്‍- 9, പാലക്കാട്- 57, മലപ്പുറം- 28, കോഴിക്കോട്- 16, കണ്ണൂര്‍- 44, വയനാട്- 161, കാസര്‍കോട്- 39 എന്നിങ്ങനെയാണിത്.
വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കും പരിശീലനത്തില്‍ വിവിധ വിഷയങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്കും മന്ത്രി രാധാകൃഷ്ണന് മെഡലും സര്‍ട്ടിഫിക്കറ്റും നല്കി.
അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്, ബഡ്ജറ്റ് ആൻഡ് ഓഡിറ്റ്) ഡോ. പി. പുകഴേന്തി, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) ആൻഡ് സി.ഇ.ഒ സി.എ.എം.പി.എ ഡോ. എല്‍. ചന്ദ്രശേഖര്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആൻഡ് ഫോറസ്റ്റ് ഇന്റലിജന്‍സ്) പ്രമോദ് ജി. കൃഷ്ണന്, അഡീ. ഡയക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ട്രയ്നിങ്) ആൻഡ് ഡയറക്ടര്‍ കെ.ഇ.പി.എ ഗോപേഷ് അഗര്‍വാള്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എച്ച്.ആര്.ഡി.) ഡി.കെ. വിനോദ്കുമാര്‍, സി.സി.എഫ് (ഹൈറേഞ്ച് സര്‍ക്കിള്‍) ആര്.എസ്. അരുണ്‍, സി.സി.എഫ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍) കെ. വിജയാനന്ദന്, സി.സി.എഫ് ഡോ. ആര്. ആടലരസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വനംവകുപ്പ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
തൃശൂർ: ഗോത്രസമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ വനം- വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 460 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാടിനെ മറ്റാരെക്കാളും അറിയുന്നവരും അനുഭവസമ്പത്തുള്ളവരുമാണ് വനാശ്രിത ജനവിഭാഗങ്ങള്‍. വനം-വന്യജീവി മേഖലകളില്‍ മനുഷ്യരുമായി സംഘര്‍ഷമുണ്ടാകുമ്പോള്‍ സമചിത്തതയോടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാർ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണം. മലയോര മേഖലകളിലെ വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമത്തിലാണ് വകുപ്പെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.