നേപാളിൽ വൻഭൂകമ്പം; ഡൽഹിയും കുലുങ്ങി
text_fieldsന്യൂഡൽഹി: ബുധനാഴ്ച പുലർച്ചെ നേപാളിനെയും അയൽമേഖലകളെയും പിടിച്ചുകുലുക്കി വൻഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപാളിലെ ദോട്ടി ജില്ലയിൽ വീടു തകർന്നാണ് ആറു പേരും മരിച്ചത്.
ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഉത്തരാഖണ്ഡിലെ പിഥോറഗഢിൽനിന്ന് 90 കിലോമീറ്റർ തെക്കുകിഴക്ക് നേപാൾ അതിർത്തിയോട് ചേർന്ന ഭാഗത്താണ് പ്രഭവ കേന്ദ്രമെന്ന് ദേശീയ സീസ്മോളജി സെന്റർ പറഞ്ഞു.
ന്യൂഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ ചലനങ്ങളാണ് ഇതിന്റെ തുടർച്ചയായി അനുഭവപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന സമയമായിട്ടും ശക്തമായ പ്രകമ്പനത്തിൽ ഞെട്ടിയുണർന്ന പലരും വീടുവിട്ട് പുറത്തിറങ്ങി. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് നേപാളിൽ ഭൂകമ്പമുണ്ടാകുന്നത്. ചൊവ്വാഴ്ച രാവിലെ 4.5 രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 19ന് 5.1 രേഖപ്പെടുത്തിയ ഭൂചലനം നടന്ന ശേഷം തുടർച്ചയായ ചലനങ്ങൾ രാജ്യത്തെ ഭീതിയിലാക്കിയിട്ടുണ്ട്. ജൂലൈ 31ന് ആറു രേഖപ്പെടുത്തിയ ചലനവും രാജ്യത്ത് നടന്നിരുന്നു.
2015ൽ 7.5 തീവ്രതയുള്ള വൻ ഭൂകമ്പം തലസ്ഥാന നഗരമായ കാഠ്മണ്ഡുവിനെയും പൊഖാര പട്ടണത്തെയും തകർത്തിരുന്നു. 10,000 ഓളം പേർ മരിക്കുകയും അതിന്റെ ഇരട്ടിയിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ഭുചലനം ഇന്ത്യൻ നഗരങ്ങളിലും അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലദേശ് എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. ഒരു നൂറ്റാണ്ടിനിടെ 1934ലാണ് നേപാളിൽ ഏറ്റവും വലിയ ഭൂകമ്പമുണ്ടാകുന്നത്. കാഠ്മണ്ഡു, ഭക്ത്പൂർ, പട്ടാൻ നഗരങ്ങൾ പൂർണമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.