ബി.ജെ.പി എം.പി, എം.എൽ.എമാർക്കെതിരായ 62 ക്രിമിനൽ കേസുകൾ പിൻവലിച്ചു
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ 62 ക്രിമിനൽ കേസുകൾ സർക്കാർ പിൻവലിച്ചു. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ ശിപാർശ പ്രകാരമാണ് ടൂറിസം മന്ത്രി സി.ടി. രവി, നിയമ മന്ത്രി ജെ.സി. മധുസ്വാമി തുടങ്ങിയവർക്കെതിരായ, കലാപമടക്കമുള്ള കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ബംഗളൂരു അക്രമത്തിൽ നിരപരാധികളെ ഉൾപ്പെടെ പ്രതിചേർക്കുന്ന പൊലീസ് നടപടിക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിച്ചത്.
സംസ്ഥാന പൊലീസ് മേധാവി എതിർത്തെങ്കിലും സർക്കാർ തീരുമാനം മാറ്റിയില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 2017ൽ ഹോസ്പേട്ട് താലൂക്ക് ഒാഫിസിൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വനം മന്ത്രി ആനന്ദ് സിങ്ങിനെതിരായ ക്രിമിനൽ കേസ് പിൻവലിച്ചിട്ടുണ്ട്. ആക്രമിക്കുമ്പോൾ കോൺഗ്രസിലായിരുന്ന ആനന്ദ് സിങ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിലെത്തിയത്. 2015ൽ ഹുൻസൂരിലുണ്ടായ സംഘർഷത്തിലാണ് മന്ത്രിമാരായ സി.ടി. രവിക്കും ജെ.സി. മധുസ്വാമിക്കും എതിരെ കലാപക്കേസുള്ളത്.
2017 ഡിസംബറിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ വാഹനം തടഞ്ഞ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച കുടക് എം.പി പ്രതാപ് സിംഹക്കെതിരായ കേസും പിൻവലിച്ചു. മാണ്ഡ്യയിലെ സ്വതന്ത്ര എം.പി സുമലത അംബരീഷ്, യെൽബുർഗയിലെ ബി.ജെ.പി എം.എൽ.എ ഹല്ലപ്പ ആചാർ, ഹൊന്നാലി ബി.ജെ.പി എം.എൽ.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ തുടങ്ങിയവർക്കെതിരായ കേസുകളും പിൻവലിക്കും. സ്വഭാവിക നടപടിയാണെന്നും ജെ.ഡി.എസ്, കോൺഗ്രസ് നേതാക്കളുടെ കേസുകളും പിൻവലിച്ചിട്ടുണ്ടെന്നുമാണ് നിയമ മന്ത്രി ജെ.സി. മധുസ്വാമിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.