അബൂദബി വിമാനത്താവളത്തിന് ശൈഖ് സായിദിന്റെ പേര്
text_fieldsടെര്‍മിനല്‍-എ ഇന്നുമുതല്‍ പ്രവര്‍ത്തനം തുടങ്ങും •28 വിമാനക്കമ്പനികളാണ് ആദ്യഘട്ടത്തില്‍ 117 കേന്ദ്രങ്ങളിലേക്ക് ടെർമിനൽ എയിൽനിന്ന് സര്‍വിസ് നടത്തുക
അബൂദബി: തലസ്ഥാന നഗരിയിലേക്ക് ലോകം പറന്നിറങ്ങുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പുതിയ നാമം അടുത്ത വർഷം ഫെബ്രുവരി ഒമ്പതുമുതല്‍ നിലവില്‍ വരുമെന്ന് അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് പുനര്‍നാമകരണത്തിന് ഉത്തരവിട്ടത്.
ബുധനാഴ്ച മുതല്‍ വിമാനത്താവളത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ടെര്‍മിനല്‍-എ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പേരുമാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളിലൊന്നാണിത്.
ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആൽ നഹ്യാൻ വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.
28 വിമാനക്കമ്പനികളാണ് ആദ്യഘട്ടത്തില്‍ ലോകത്തിലെ 117 കേന്ദ്രങ്ങളിലേക്ക് ടെർമിനൽ എയിൽനിന്ന് സര്‍വിസ് നടത്തുക. നവംബര്‍ ഒന്നുമുതല്‍ 14 വരെ കാലയളവിനിടയിൽ എയര്‍ലൈനുകള്‍ ടെര്‍മിനല്‍ എയിലേക്ക് പൂര്‍ണമായി സർവിസ് മാറ്റും.
വിസ് എയര്‍ അബൂദബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര, എയര്‍ ഇന്ത്യ, ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ അബൂദബി തുടങ്ങിയ വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍നിന്ന് സര്‍വിസ് നടത്തുക.
മണിക്കൂറില്‍ 11,000 യാത്രക്കാര്‍ എന്ന ക്രമത്തില്‍ വര്‍ഷത്തില്‍ 4.5 കോടി യാത്രക്കാര്‍ക്ക് ടെര്‍മിനല്‍-എ വഴി സഞ്ചരിക്കാനാവും. ഒരേസമയം 79 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ ടെര്‍മിനലിന് ശേഷിയുണ്ട്.
അബൂദബിയില്‍നിന്ന് രണ്ട് പ്രധാന പാതകളിലൂടെ ടെര്‍മിനലിലേക്ക് എത്താം. ഇ-10 ഹൈവേയിലൂടെയും ഇ-20 ഹൈവേയില്‍ 30ാമത് സ്ട്രീറ്റും ഖലീല്‍ അല്‍ അറബി സ്ട്രീറ്റും സംഗമിക്കുന്നിടത്തു നിന്നുമാണ് ടെര്‍മിനലിലേക്ക് പോകാനാവുന്നത്. റോഡിൽ സൂചനാബോര്‍ഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.