അമർസിങ്; കോൺഗ്രസിൽ തുടക്കം, കിങ് മേക്കർ, കുതിരക്കച്ചവടത്തിെൻറ ഉസ്താദ്
text_fieldsവർഷങ്ങളായി വിടാതെ പിന്തുടർന്ന വൃക്ക രോഗം പിന്നെയും വഷളായി സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കഴിഞ്ഞ മാർച്ചിൽ അമർ സിങ് മരിച്ചെന്ന് അഭ്യൂഹം പരന്നിരുന്നു. ഒട്ടും വൈകാതെ വിഡിയോ ട്വീറ്റിൽ മറുപടിയെത്തി- ''ടൈഗർ സിന്ദാ ഹെ''. തെൻറ 'ഗുണകാംക്ഷികൾ' മരിച്ചുകാണാൻ കൊതിക്കുന്നെങ്കിലും ആശുപത്രിയിൽ ശസ്ത്രക്രിയ കാത്തുനിൽക്കുകയാണെന്നായിരുന്നു വിശദീകരണം.
'80കൾ മുതൽ നീണ്ട മൂന്നു പതിറ്റാണ്ടിലേറെ കുതിരക്കച്ചവടത്തിെൻറ ഉസ്താദായും അധികാര ഇടനാഴികളിലെ ചാണക്യനായും കിങ് മേക്കറായും ഡൽഹിയിലും ലഖ്നോയിലും പറന്നുനടന്ന അമർ സിങ് എന്ന അഭിഭാഷകന് വഴങ്ങാത്ത റോളുകളുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിലും സിനിമയിലും വ്യവസായത്തിലും ഏറ്റവും തലയെടുപ്പുള്ളവരുമായി മാത്രം കൂട്ടുകൂടിയ യു.പിയിലെ അഅ്സംഗഢുകാരൻ രാഷ്ട്രീയത്തിൽ ഇന്നിങ്സ് തുടങ്ങുന്നത് കോൺഗ്രസുകാരനായി. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി വീർ ബഹാദൂർ സിങ്ങിെൻറ തണലിൽ എ.ഐ.സി.സി അംഗം വരെയായി.
പാർലമെൻറ് മോഹങ്ങൾക്ക് പാർട്ടി പച്ചക്കൊടി കാണിക്കാതെ വന്നതോടെ മുലയം സിങ് യാദവ് നൽകിയ ഉറപ്പിൽ സമാജ് വാദി പാർട്ടിയിലെത്തി. 1996ൽ ആദ്യമായി രാജ്യസഭയിലെത്തി. ആറു വർഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഉപകാര സ്മരണയെന്നോണം മുലായം സിങ്ങിനെ യു.പി രാഷ്ട്രീയത്തിൽനിന്ന് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്നും ജയപ്രദയെ പാർട്ടിയിലെത്തിച്ച് എസ്.പിക്ക് ഗ്ലാമർ മൂല്യം നൽകിയും അമർ സിങ് താരമായി.
ആണവ കരാറിലുടക്കി 2008ൽ ഇടതുകക്ഷികൾ ഒന്നാം യു.പി.എ മന്ത്രിസഭക്ക് പിന്തുണ പിൻവലിച്ച നിർണായക ഘട്ടത്തിൽ തുണക്കെത്തിയാണ് അദ്ദേഹം പിന്നാമ്പുറ രാഷ്ട്രീയത്തിലെ മിടുക്ക് തെളിയിച്ചത്. സമാജ്വാദി പാർട്ടിയുടെ മനസ്സു മാറ്റി കോൺഗ്രസിെൻറ ജയമുറപ്പാക്കിയ അദ്ദേഹം അതിെൻറ പേരിൽ പഴിയേറെ കേട്ടു. അതിനു മുമ്പ്, 1990ൽ ചന്ദ്രശേഖറും പിന്നീട് എച്ച്.ഡി ദേവഗൗഡയും ഇത്തിരിക്കുഞ്ഞൻ പാർട്ടികളെ നയിക്കുന്നവരായിട്ടും പ്രധാനമന്ത്രി പദമേറുന്നതിൽ അമർ സിങ്ങിെൻറ പങ്ക് പ്രധാനമായിരുന്നു.
മുലയം സിങ്ങിനു പിറകെ മകൻ അഖിലേഷ് സമാജ്വാദി പാർട്ടിയിൽ സജീവമായതോടെയാണ് അമർ സിങ്ങിന് പാർട്ടിയിൽ ചുവടു പിഴക്കുന്നത്. 2010ൽ കുറഞ്ഞ കാലത്തേക്കും പിന്നീട് 2017ലും സമാജ്വാദി പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടു. ഇടക്ക് സ്വന്തം കക്ഷിയുണ്ടാക്കിയും രാഷ്ട്രീയ ലോക് ദളിൽ ചേർന്നും നടത്തിയ ഭാഗ്യപരീക്ഷണങ്ങൾ വിജയിച്ചില്ല. അതിനിടെ, ബോളിവുഡ് നടി ബിപാഷ ബസുവുമായും മറ്റും നടത്തിയ അശ്ലീല സംഭാഷണങ്ങളുടെ േടപ്പുകൾ പുറത്തുവന്നതും വിനയായി. രാഷ്ട്രീയത്തിനു പുറമെ 2011ൽ പുറത്തിറങ്ങിയ 'ബോംബെ മിഠായി' എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.
ഒരു പതിറ്റാണ്ടിലേറെയായി വൃക്ക രോഗവുമായി മല്ലിടുന്ന അമർ സിങ് പലതവണ ദീർഘമായി ആശുപത്രികളിൽ കഴിയേണ്ടിവന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാർച്ചിലാണ് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മരണത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി പ്രസിഡൻറ് ജെ.പി. നഡ്ഡ, മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ തുടങ്ങി പ്രമുഖർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.