കേരളത്തിലേക്ക് ടൺകണക്കിന് കഞ്ചാവ് കടത്തിയ 'അമ്മായി' റസ്സൽ പിടിയിൽ
text_fieldsആലുവ: കേരളത്തിലേക്ക് ആയിരക്കണക്കിന് കഞ്ചാവ് കടത്തിയ സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസ്സലാണ് (36, അമ്മായി റസൽ ) പിടിയിലായത്.
ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു നാലു വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയത്. മൂന്നു ദിവസം നീണ്ടു നിന്ന പോലിസ് ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് റസലിനെ പിടികൂടിയത്.
മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ഒടുവിൽ കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുളള കഞ്ചാവ് വിതരണത്തിന്‍റെ പ്രധാന കേന്ദ്രം ഉത്തര ആന്ധ്രയിലുളള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം ,തമിഴ്നാട്, കർണാടക ,ഉത്തർപ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്. ആന്ധ്ര കേന്ദ്രീകരിച്ച് കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അൻസിൽ, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീൻ, വെള്ളത്തോൾ സ്വദേശി ചന്തു എന്നിവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കല്ലൂർക്കാട് ആനിക്കാട് ഭാഗത്തുള്ള വാടക വീട്ടിൽ റസ്സലിൻറെ നേതൃത്വത്തിൽ കഞ്ചാവ് സൂക്ഷിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചു.
ഇവിടെ നിന്ന് ഇരുമ്പ് അലമാരയിൽ പായ്ക്കറ്റുകളിൽ ആയി സൂക്ഷിച്ചിരുന്ന 39 കിലോ വരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കി കൂടുതല്‍ അറസ്റ്റിലേക്ക് കടക്കുമെന്ന് ജില്ല പൊലീസ് മേധാവി കാർത്തിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.