ആറാം തവണയും ജയം; സത്യപ്രതിജ്ഞക്കു പകരം വിമതർക്കെതിരെ യുദ്ധത്തിനു പോയ ഛാഡ് പ്രസിഡന്‍റ് ഇദ്രീസ് ദീബി വധിക്കപ്പെട്ടു
text_fieldsലണ്ടൻ: സത്യപ്രതിജ്ഞ ചെയ്ത് വിജയമാഘോഷിക്കുന്നതിന് പകരം അതിർത്തി കടന്ന് മുന്നേറിയ വിമത സേനക്കെതിരെ യുദ്ധത്തിനു പോയ ഛാഡ് പ്രസിഡന്‍റ് ഇദ്രീസ് ദീബി വധിക്കപ്പെട്ടു. നീണ്ട മൂന്നു പതിറ്റാണ്ടായി പകരക്കാരനില്ലാതെ രാജ്യ ഭരണം നിർവഹിച്ചുവരികയായിരുന്ന നേതാവാണ് അപ്രതീക്ഷിത സംഭവത്തിൽ മരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ദക്ഷിണ ഛാഡിൽ അതിർത്തി കടന്നെത്തിയ വിമത സേന ദിവസങ്ങൾക്കിടെ നൂറുകണക്കിന് കിലോമീറ്റർ കീഴടക്കി മുന്നേറുകയായിരുന്നു. സൈന്യം ഇടപെട്ട് ഇവർക്കെതിരെ നടപടി തുടരുകയായിരുന്നുവെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച ഫലം പുറത്തുവന്ന തെരഞ്ഞെടുപ്പിൽ 79.3 ശതമാനം വോട്ടുമായി 68കാരനായ ദീബി നേടിയത് ചരിത്ര വിജയമായിരുന്നു. ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് സൈനികർക്ക് ആശ്വാസം പകരാനും യുദ്ധത്തിന് നേതൃത്വം നൽകാനുമായി ദീബി യുദ്ധമുഖത്തേക്ക് പുറപ്പെട്ടത്. ലിബിയയുമായി അതിർത്തി പങ്കിടുന്ന ഭാഗത്തായിരുന്നു ഫ്രണ്ട് ഫോർ ചേഞ്ച് ആന്‍റ് കോൺകോർഡ് ഇൻ ഛാഡ് എന്ന വിമത സേനയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ 300 ഓളം വിമതരെ വധിച്ച് മുന്നേറിയെങ്കിലും ആക്രമണത്തിൽ ഇദ്രീസ് ദീബിക്ക് പരിക്കേൽക്കുകയായിരുന്നു.
1990ലെ വിപ്ലവത്തിലാണ് ഇദ്രീസി അധികാരം പിടിക്കുന്നത്. പിന്നീടിന്നോളം അധികാരം കൈവിട്ടിട്ടില്ല. മരണ വിവരം പുറത്തുവന്നതോടെ മകൻ ജനറൽ മഹാമത് കാകയെ ഇടക്കാല പിൻഗാമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.