ഒരു വർഷം 1,770 കോടി; റൊണാൾഡോ സ്വന്തം പേരിലാക്കിയത് ഏറ്റവും ഉയർന്ന പ്രതിഫലത്തിന്റെ റെക്കോഡ്
text_fields
സൗദി ക്ലബായ അൽനസ്റുമായി ഒരു വർഷത്തേക്ക് 214,078,000 ഡോളർ (1,770 കോടിയിലേറെ രൂപ) കരാറിൽ റൊണാൾഡോ ഒപ്പുവെക്കുമ്പോൾ പിറക്കുന്നത് പുതുചരിത്രം. ഒരു ദിവസം 4.85 കോടി രൂപയെന്ന റെക്കോഡ് തുകയാണ് ക്ലബ് താരത്തിന് നൽകുക. രണ്ടര വർഷത്തേക്കാണ് കരാർ.
നിശിത വിമർശനങ്ങളുന്നയിച്ച് ലോകകപ്പിന് തൊട്ടുമുമ്പാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡും പ്രിമിയർ ലീഗും വിട്ടത്. ഇതോടെ, താരത്തിനായി രംഗത്തെത്തിയ സൗദി ക്ലബ് നേരത്തെ തന്നെ പ്രാഥമിക ധാരണയിലെത്തിയിരുന്നു.
ചരിത്രപിറവിയുടെ മുഹൂർത്തമാണിതെന്ന് ക്ലബ് വാർത്താ കുറിപ്പിൽ അറിയിച്ചു. പുതിയ ഉയരങ്ങൾ കുറിക്കാൻ ക്ലബിനെ സഹായിക്കുമെന്ന് മാത്രമല്ല, രാജ്യത്തെ ഫുട്ബാൾ ലീഗിനും വരുംതലമുറകൾക്കും രാജ്യത്തിനുതന്നെയും ഊർജം നൽകുമെന്നും ക്രിസ്റ്റ്യാനോക്ക് പുതിയ വീട്ടിലേക്ക് സ്വാഗതമോതുന്നുവെന്നും ക്ലബ് അറിയിച്ചു.
ഫുട്ബാൾ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകക്കാണ് സൗദി ക്ലബ് റൊണാൾഡോയെ സ്വന്തമാക്കിയത്. യുനൈറ്റഡിൽ ഒരു ദിവസത്തേക്ക് അഞ്ചു കോടി രൂപ ലഭിച്ചിരുന്നതാണ് ആറിരട്ടിയിലേറെയായി ഉയർന്നത്. യുനൈറ്റഡിൽ നിലനിൽക്കുന്നതിനിടെ രാജ്യത്തെ മറ്റൊരു ക്ലബ് താരത്തിന് ഇതേക്കാൾ ഉയർന്ന തുക വാഗ്ദാനം ചെയ്തിരുന്നെങ്കിലും അന്ന് വേണ്ടെന്നുവെക്കുകയായിരുന്നു.
യുനൈറ്റഡ് വിട്ട താരത്തെ സ്വന്തമാക്കാൻ അത്‍ലറ്റികോ മഡ്രിഡ്, സ്പോർടിങ് ലിസ്ബൺ, നാപോളി തുടങ്ങിയ ടീമുകൾ രംഗത്തുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും അവസാനം സൗദിയിലേക്ക് ചേക്കേറുകയായിരുന്നു.
കരിയറിൽ യുനൈറ്റഡിനായി 346 തവണ ഇറങ്ങി 145 ഗോളുകൾ കുറിച്ച താരം പക്ഷേ, സീസൺ ആദ്യപകുതി പൂർത്തിയാകുമ്പോൾ മൂന്നു ഗോളുകൾ മാത്രമായിരുന്നു സ്കോർ ചെയ്തത്. കോച്ച് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങൾ കാര്യങ്ങൾ വഷളാക്കുകയും ചെയ്തു. ഇതിനൊടുവിലാണ് ടീം വിടാൻ തീരുമാനം.
പിയേഴ്സ് മോർഗനുമായി നടത്തിയ വിവാദ അഭിമുഖത്തിൽ തനിക്ക് 40 വയസ്സുവരെ കളിക്കാൻ താൽപര്യമുണ്ടെന്നും രണ്ടോ മൂന്നോ വർഷം കൂടി കളത്തിൽ തുടരുമെന്നും പറഞ്ഞിരുന്നു.
സൗദിയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള അൽനസ്ർ റൊണാൾഡോക്ക് കീഴിൽ ചാമ്പ്യന്മാരാകാനുള്ള ഒരുക്കങ്ങളിലാണ്. താരമെത്തിയതോടെ ടീമിന് ആരാധകരുടെ എണ്ണം അതിവേഗം ഉയരുന്നത് പ്രതീക്ഷ നൽകുന്നതാണ്. കരാർ ഒപ്പുവെച്ച് മണിക്കൂറുകൾ പിന്നിടുന്നതിനിടെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ ഇരട്ടികളായി വർധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.