പുതു സംരംഭത്തിന് വേറിട്ട വഴികൾ
text_fieldsഷാർജ: സംരംഭക രംഗത്ത് വൻ വിജയം കൊയ്ത അനേകം സ്ത്രീകളുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ടാകും. ചെറിയ മുതൽമുടക്കിൽ തുടങ്ങിയ കൊച്ചു സംരംഭങ്ങളിൽനിന്നാണ് അവരുടെയെല്ലാം വിജയത്തുടക്കമെന്ന് പരിശോധിച്ചാൽ വ്യക്തമാകും. സംരംഭകരായ സ്ത്രീകളുടെ വർധിച്ചുവരുന്ന സാന്നിധ്യം നാട്ടിലെന്നപോലെ പ്രവാസ ലോകത്തും വർധിച്ചിട്ടുണ്ട്.
വീട്ടകങ്ങളിൽ ഒതുങ്ങിക്കൂടാതെ ഒഴിവ് സമയങ്ങളിൽ ചെറു വരുമാനം കണ്ടെത്താനുള്ള വഴികൾ തേടുന്നവരാണ് ഇന്ന് ഭൂരിഭാഗം സ്ത്രീകളും. ചെലവേറിയ ആധുനിക കാലത്ത് കുടുംബത്തിന് തന്നാലാകുന്ന ആശ്വാസം പകരുകയെന്ന ചിന്തക്കപ്പുറം സ്വന്തം അധ്വാനത്തിൽനിന്ന് ചെലവഴിക്കുമ്പോഴുണ്ടാകുന്ന സുഖവും സന്തോഷവും കണ്ടെത്തുകയെന്നതും അതിനു പിന്നിലുണ്ട്. വീടുകളിൽ നിന്നുകൊണ്ടുതന്നെ വരുമാനം കണ്ടെത്താനുള്ള അനേകം വഴികൾ ചർച്ച ചെയ്യപ്പെടുന്ന വേദിയാണ് ഗൾഫ് മാധ്യമം കമോൺ കേരളയിലെ ‘ഷീ വെൻച്വർ’.
ഇന്ത്യയിലും ദുബൈയിലും വിജയകരമായി മുന്നോട്ടുപോകുന്ന പ്രമുഖ സ്ഥാപനമായ മീഡിയ ബോക്സ് ഓഫിസ് അഡ്വടൈസിങ് സ്ഥാപകയും ചീഫ് ഓപറേറ്റിങ് ഓഫിസറും മാർക്കറ്റിങ് രംഗത്തെ വിദഗ്ധയുമായ സുനിത സുധാകറാണ് ഷീ വെൻച്വറിൽ അതിഥിയായി എത്തുന്നത്. നാലാം വ്യവസായ വിപ്ലവത്തിൽ ഭാവിയിൽ ഉണ്ടാകുന്ന തൊഴിൽ സാധ്യതകളും വീട്ടമ്മമാർ ഉൾപ്പെടെ സ്ത്രീകൾക്ക് വീടുകളിൽ നിന്നുകൊണ്ട് തന്നെ എളുപ്പത്തിൽ വരുമാനം കണ്ടെത്താനുള്ള നിരവധി വഴികളും വേദിയിൽ ചർച്ച ചെയ്യപ്പെടും. സ്ത്രീകൾക്ക് സംരംഭവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും സുനിത സുധാകറുമായി പങ്കുവെക്കാം.
പുതുവഴികളിൽ ഒളിഞ്ഞിരിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയാനും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന സംരംഭക വാഗ്ദാനങ്ങളിൽ അകപ്പെട്ട് പണം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതകളെക്കുറിച്ചും സുനിത സുധാകർ സംസാരിക്കും. വനിത സ്ഥാപകരുടെ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്ന മോട്ടിവേഷനൽ സ്പീക്കർ കൂടിയാണ് സുനിത സുധാകർ. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് cokuae.com/events/sheventure ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.