വരൾച്ച ലഘൂകരണം: ദുരന്തനിവാരണ അതോറിറ്റിയിൽ ആറ് കോടിയുടെ കണക്കില്ല
text_fields
കോഴിക്കോട് : ദുരന്ത നിവാരണ അതോറിറ്റി വരൾച്ച ലഘൂകരണത്തിന് ചെലവഴിച്ച ആറ് കോടിയുടെ കണക്കില്ല. 2017 ഒക്ടോബർ 31നാണ് പദ്ധതി നടപ്പാക്കാൻ ആറ് കോടി അനുവദിച്ച് സർക്കാർ ഉത്തരവിട്ടത്. കൊടും വരൾച്ച വന്നാലും തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടാതിരിക്കാൻ നെയ്യാറിൽ നിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.
ഉത്തരവ് പ്രകാരം പദ്ധതിയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സർക്കാരിന് സമർപ്പിക്കേണ്ടതാണ്. ഏറ്റെടുത്ത ജോലിയുടെയും ഇതുവരെയുള്ള ചെലവുകളുടെയും വിശദാംശങ്ങൾ നൽകേണ്ടത് ദുരന്ത നിവാരണ അതോറിറ്റിയാണ്. തുക നൽകി നാല് വർഷം കഴിഞ്ഞിട്ടും ആറ് കോടി രൂപ ചെലവഴിച്ചതിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ലഭിച്ചിട്ടില്ല. ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ സർക്കാരിൽ അതോറിറ്റി ഹാജരാക്കിയിട്ടുമില്ല.
ഇത് ചൂണ്ടിക്കാണിച്ചപ്പോൾ, സ്ഥാപനം നൽകുന്ന മറുപടി വിചിത്രമാണ്. വരൾച്ച ലഘൂകരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്താൻ ജലഅതോറിറ്റിയെയാണ് ചുമതലപ്പെടുത്തിയത്. അതിനാൽ വിനിയോഗ സർട്ടിഫിക്കറ്റും ചെലവ് കണക്കും സമർപ്പിക്കേണ്ട ജലഅതോറ്റിയാണ്. അത് ശേഖരിക്കാനായിട്ടില്ല.
വിവരസങ്കേതിക വിദ്യയും ആശയവിനിമയ സംവിധാനവും ആധുനീകരിക്കുന്നതിലും സജ്ജീകരിക്കുന്നതിലും മന്ദഗതിയിലുള്ള പ്രവർത്തനമാണ് ദുരന്ത നിവാരണ അതോറിറ്റിയിൽ നടക്കുന്നതെന്നും ഓഡിറ്റിൽ കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻ.ഡി.എം.എ) നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി 2013 ഡിസംബർ 26 ന് വിവരസാങ്കേതിക വിദ്യാരംഗത്തെ ആധുനീകരണം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ആശയ വിനിമയ സംവിധാനത്തിലടക്കം മാറ്റം വരുത്തുന്നതിനായി അടിസ്ഥാന സൗകര്യവികസനത്തിന് 7.82 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
13-ാം ധനകാര്യ കമ്മീഷൻ സംസ്ഥാനത്ത് എമർജൻസി ഓപ്പറേറ്റിംഗ് സെന്റർ (കെ.എസ്.ഇ.ഒ.സി) സ്ഥാപിക്കുന്നതിനും ശേഷി വർധിപ്പിക്കുന്നതിനുള്ള അനുമതിയും നൽകി. ഓപ്പറേറ്റിംഗ് സെന്റർ സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതിനുള്ള പ്രവർത്തനം നടത്താൻ 2015 ഫെബ്രുവരി ഒമ്പതിന് കെൽട്രോണിനെ ഏൽപ്പിച്ചു.
ഈ മേഖലയിൽ ഗവേഷണം നടത്തുന്നതിനും ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഉടനടി പ്രവർത്തിക്കുന്നതിനും അടിയന്തര സാഹചര്യത്തിൽ ദുരന്ത ബാധിത പ്രദേശത്ത് ആശയവിനിമയം വേഗത്തിൽ നടത്താനും സഹായം നൽകാനുമുള്ള വഴിതുറക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
അതിന് ഓപ്പറേഷൻസ് സെന്ററിന് 5.97 കോടി രൂപ അനുവദിക്കുകയും ചെയ്തു. തുക വെള്ളയമ്പലം സബ് ട്രഷറിയിലെ ഓപ്പറേഷൻ സെന്ററിന്റെ അക്കൗണ്ടിലേക്ക് കൈമാറി.
പദ്ധതിക്കായി ആകെ ലഭിച്ച 6.10 കോടിയിൽ പദ്ധതി നടത്തിപ്പിനായി 5.25 കോടി രൂപ ചെലവഴിച്ചു. പദ്ധതി 36 മാസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. പദ്ധതിയുടെ ബാക്കി തുക 84,000 ലക്ഷമാണ്. എന്നാൽ, പദ്ധതി നടത്തിപ്പിലെ കെടുകാര്യസ്ഥത മൂലം 2016 മുതൽ പദ്ധതി പൂർത്തിയാക്കാതെ കിടക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റി ഇക്കാര്യത്തിൽ നോക്കുത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.