വെഞ്ഞാറമൂട് ഇരട്ടക്കൊല; കൃത്യത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ
text_fields
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ കൃത്യത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ KL 21 K 4201 ബൈക്ക് തേംമ്പാംമൂട് ഭാഗത്ത് നിന്ന് പിടികൂടി. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡി.വൈ.എഫ്.ഐ കലിങ്ങിൻമുഖം യൂനിറ്റ് പ്രസിഡൻ്റ് ഹഖ് മുഹമ്മദ് (24) തേവലക്കാട് യൂനിറ്റ് ജോയിൻറ് സെക്രട്ടറി മിഥിലാജ് ( 30 ) എന്നിവരാണ് ഞായറാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന ഷജിത്ത് ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലുള്ളത്. ഷജിത്തിനെ വീട് വളഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തേമ്പാംമൂട് മദപുരത്താണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും തടഞ്ഞുനിർത്തി വെട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശത്തെ സി.സി.ടി.വി കാമറകൾ തിരിച്ചു വെച്ചിരുന്നതായും വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തിന് സമീപത്തെ കെട്ടിടങ്ങളിലെ കാമറകളാണ് തിരിച്ചു വെച്ചത്.
പ്രദേശത്ത് രണ്ട് മാസം മുമ്പ് സി.പി.എം-കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിൽ കുത്തേറ്റ മിഥ്ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.
മേയ് മാസത്തിൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നിലുള്ള സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രണ്ട് ബൈക്കുകളിലായാണ് പ്രതികൾ എത്തിയത്. കസ്റ്റഡിയിലെടുത്ത ബൈക്ക് ഉടമയാണ് പൊലീസ് പിടിയിലായവരിൽ ഒരാൾ. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.