ധനകാര്യ മന്ത്രിയുടെ മണ്ഡലത്തിൽ അഞ്ച് വർഷമായി അധ്യാപകരില്ലാതെ ഒരു സർക്കാർ വിദ്യാലയം
text_fieldsകൊട്ടാരക്കര: അഞ്ച് വർഷമായി ഒറ്റ അധ്യാപകരുമില്ലാതെ ഒരു സർക്കാർ വിദ്യാലയം. ധനകാര്യ മന്ത്രിയുടെ മണ്ഡലത്തിലെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമമെന്ന ഖ്യാതി നേടിയ പെരുംകുളം ഗ്രാമത്തിലെ ഗവ.പി.വി.ഹയർ സെക്കൻഡറിനാണ് ഈ ഗതികേട്.
പ്രിൻസിപ്പലും അധ്യാപകരുമില്ലാതെ അഞ്ചുവർഷം സ്കൂൾ പ്രവർത്തിച്ചത് നാട്ടുകാരുടെ കനിവിലാണ്. താത്കാലിക വേനതത്തിൽ പഠിപ്പിച്ചവരും സൗജന്യ സേവനം നടത്തിയവരുമൊക്കെ പിൻമാറുമ്പോൾ സർക്കാർ വിദ്യാലയത്തിൽ പ്രതീക്ഷയോടെയെത്തിയ വിദ്യാർത്ഥികളാണ് വിഷമത്തിലായത്.
കൊവിഡ് കാലമായതിനാൽ ഓൺലൈൻ പഠനവും അവതാളത്തിലായതിന്‍റെ സങ്കടത്തിലാണവർ. 2015 ൽ ആണ് പെരുംകുളം ഗവ.പി.വി ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. എന്നാൽ അദ്ധ്യാപകരെ നിയമിച്ചില്ല. കൂടുതൽ കെട്ടിടങ്ങൾ, അത്യാധുനിക ലാബുകൾ, കമ്പ്യൂട്ടർ ലാബുകളടക്കം അനുബന്ധ സംവിധാനങ്ങളൊക്കെ ഘട്ടംഘട്ടമായെത്തി.
വലിയ പ്രതീക്ഷയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ ഇവിടെ ഹയർ സെക്കൻഡറിക്ക് ചേർത്തത്. എന്നാൽ അന്നുമുതൽ താത്കാലിക അദ്ധ്യാപകരെ നിയോഗിച്ചാണ് ക്ളാസ് എടുത്തിരുന്നത്. കൊവിഡ് പശ്ചാത്തലമെത്തിയപ്പോൾ താത്കാലിക അദ്ധ്യാപകർക്ക് വേതനം നൽകാൻ സംവിധാനമില്ലാതെയായി. നേരത്തെ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തതിന്‍റെ വേതനം കൊടുക്കാനുമുണ്ട്. അധ്യാപകരില്ലാത്ത സ്കൂളിൽ കുട്ടികളെ അയക്കാൻ രക്ഷിതാക്കളും മടിച്ചു. ഇതോടെ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു.
തുടർച്ചയായി മൂന്ന് വർഷം നിബന്ധനകൾക്ക് അനുസരിച്ചുള്ള വിദ്യാർത്ഥികളുടെ എണ്ണം നിലനിർത്തിയെങ്കിൽ മാത്രമേ അദ്ധ്യാപക നിയമനം നടത്താൻ കഴിയുള്ളൂവെന്നാണ് സർക്കാർ ചട്ടം. അധ്യാപകരില്ലാത്ത സ്കൂളിൽ കുട്ടികൾ കുറയുന്നതുമൂലം ഈ പ്രതിസന്ധി മറികടക്കാനും കഴിയുന്നില്ല. ഇപ്പോൾ മറ്റ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ പ്രയോജനപ്പെടുത്തി വളരെ പരിമിതമായിട്ടാണ് ഓൺലൈൻ ക്ലാസുകളെടുക്കുന്നത്. രണ്ടാം വർഷ പ്ലസ്ടു വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. ഹയർ സെക്കൻന്‍ററി പ്രവേശനത്തിന് നാളടുക്കുന്നതിനാൽ ഇക്കുറിയും അധ്യാപക നിയമനം നടന്നില്ലെങ്കിൽ കുട്ടികൾ കുറയുമെന്നാണ് ആശങ്ക. ജില്ലയിൽ ഒരു സ്കൂളിന് മാത്രമാണ് ഇത്തരമൊരു ഗതികേട്. മൈലം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഗതികേട് മാറ്റാൻ സർക്കാർ വ്യവസ്ഥകളിൽ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ലക്ഷങ്ങൾ മുടക്കി ലാബുകൾ സജ്ജീകരിച്ചതും പ്രവർത്തനമില്ലാതെ നശിക്കുകയാണ്. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ലാബ്, പ്രാക്ടിക്കൽ ക്ളാസുകൾ പ്രധാനമാണ്. കൊവിഡിന് ശേഷവും അധ്യാപകരോ ലാബ് അസിസ്റ്റന്‍റുമാരോ ഇല്ലാതെ പ്രാക്ടിക്കൽ ക്ലാസുകളെടുക്കാൻ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.