കനത്ത മഴ തുടരുന്നു; ഒരു മരണം
text_fieldsമസ്കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ വാദിയിൽ വാഹനം അകപ്പെട്ട് സ്വദേശി പൗരനാണ് മരിച്ചത്.
ഖാബൂറ വിലായത്തിലെ വാദി ഷഫാനിൽ വ്യാഴാഴ്ചയായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ എത്തി മൃതദേഹം കണ്ടെടുക്കുന്നത്. വാദികളിൽ വാഹനത്തിലകപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഷിനാസിൽ മൂന്ന് പേരെയും സഹമിൽ അഞ്ച് പേരെയുമാണ് വ്യാഴാഴ്ച സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്.
ആലിപ്പഴവും വർഷിച്ചു. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രതപാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇസ്ക്കി, ഖസബ്, തെക്കൻ അമീറാത്ത്, ഖുറിയാത്ത്, സമാഈൽ, ബഹ്ല, സുഹാർ, യങ്കല്‍, റുസ്താഖ്, ഖാബൂറ, മഹ്ദ, ലിവ, നിസ്വ, നഖല്‍, വാദി അല്‍ ജിസി, ബുറൈമി, ഇബ്രി, ദങ്ക്, സുവൈഖ്, ദിമ, ഹംറ, ശിനാസ്, ഇബ്ര, തെക്കൻ സമാഈൽ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ മഴക്ക് പലയിടത്തും നേരിയ ശമനം ഉണ്ടായിരുന്നു.
എന്നാൽ, വൈകീട്ടോടെ കരുത്താർജിക്കുകയായിരുന്നു. ഉൾഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. പലയിടത്തും റോഡുകളിൽ വെള്ളം കയറി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. ന്യൂനമർദത്തിന്റെ ഭാഗമായി ശനിയാഴ്ചവരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും ആലിപ്പഴം ഉൾപ്പെടെയുള്ള കനത്ത മഴയും ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തെക്കൻ അമീറാത്തിൽനിന്നുള്ള മഴക്കാഴ്ച
ഒമാൻ കടൽത്തീരംവരെ നീളുന്ന ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിൽ 20 മുതൽ 80 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 28 മുതൽ 83 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.