ഫലസ്തീൻ-ഇസ്രായേൽ സംഘർഷം കനക്കുന്നു; യുദ്ധഭീതിയിൽ പശ്ചിമേഷ്യ
text_fieldsഗസ്സ: പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രായേൽ-ഫലസ്തീൻ സംഘർഷം കനക്കുന്നു. നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ പോർമുഖം തുറന്ന് ഫലസ്തീൻ വിമോചനത്തിനുവേണ്ടി പോരാടുന്ന ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ഓപറേഷൻ അൽ-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു.
യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിനു നേതൃത്വം കൊടുക്കുന്നത്. ആക്രമണത്തിൽ ഒരു ഇസ്രായേലി വനിത കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. സായുധരായ ഫലസ്തീനികൾ ഗസ്സയിൽ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. തെൽ അവീവ് നഗരത്തിലും മധ്യ, തെക്കൻ ഇസ്രായേലിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. അതിനിടെ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലി പ്രതിരോധ മന്ത്രി ജോവ് ഗാലന്റ് റിസർവ് സൈനികരെ തിരിച്ചുവിളിക്കാൻ നിർദേശം നൽകിയതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തങ്ങൾ ഈ യുദ്ധത്തിന്റെ ഭാഗമാണെന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ കേഡർമാർ ഹമാസിലെ സഹോദരങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് വിജയം വരെ നിലകൊള്ളുമെന്നും ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് വക്താവ് പറഞ്ഞു. അൽ-അഖ്‌സയിൽ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാർക്കെതിരെ സ്വീകരിച്ച മനുഷ്യത്വ വിരുദ്ധ നടപടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുമാണ് ഹമാസ് നീക്കം വിലയിരുത്തപ്പെടുന്നത്.
ഗസ്സയിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ അഷ്‌കെലോണിൽ പതിച്ചതായാണ് റിപ്പോർട്ട്. ആയുധധാരികളായ ഹമാസ് സൈനികർ ഇസ്രായേലിലെ വാഹനങ്ങളിൽ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ഗസ്സയിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ തുടർന്ന് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി യെ ഉദ്ദരിച്ച് ഇസ്രയേൽ പ്രതിരോധസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഹമാസ് സംഭവത്തിന്റെ പരിണിത ഫലം അനുഭവിക്കുമെന്നും സേന വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.