'കൈകൾ കെട്ടിയിട്ടു, ഭീഷണിപ്പെടുത്തി' പാക് സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഇംറാൻ ഖാൻ
text_fieldsഇസ്‍ലാമാബാദ്: പാക് സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. തന്റെ സർക്കാർ ദുർബലമായിരുന്നുവെന്നു തുറന്നു സമ്മതിച്ച ഇംറാൻ ഖാൻ എല്ലായിടങ്ങളിലും തങ്ങൾ വേട്ടയാടപ്പെട്ടതായി വെളിപ്പെടുത്തി. അധികാരം തന്റെ കൈയിലായിരുന്നില്ലെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണതെന്നും ഇംറാൻ പറഞ്ഞു.
പാക് മാധ്യമമായ ബോൽ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇംറാൻ തുറന്നടിച്ചത്. അവിശ്വാസപ്രമേയം പാസായ ദിവസം രാത്രി നടന്ന സംഭവവികാസങ്ങൾ ഓർത്തെടുത്താൽ ആളുകൾക്ക് എല്ലാം മനസിലാകും. അധികാരമേറുമ്പോൾ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി ദുർബലമായിരുന്നു. സഖ്യകക്ഷികളെ കൂട്ടുപിടിച്ചാണ് ഞങ്ങൾ ഭരിച്ചത്. ഞങ്ങളുടെ കൈകൾ ബന്ധിതമായിരുന്നു. എല്ലായിടത്തുനിന്നും ഭീഷണികളുണ്ടായി. അധികാരം ഞങ്ങളുടെ കൈയിലായിരുന്നില്ല. പാകിസ്താനിൽ ആർക്കാണ് അധികാരമെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അവരെ ആശ്രയിക്കുക മാത്രമായിരുന്നു പോംവഴി''-ഇംറാൻ തുടർന്നു. സൈന്യത്തിനെതിരെയായിരുന്നു ഇംറാന്റെ ഒളിയമ്പ്.
രാജ്യം സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ സുശക്തമായ സൈന്യമുണ്ടാകേണ്ടത് അനിവാര്യമാണ്. എന്നാൽ സൈന്യവും സർക്കാരും തമ്മിൽ എല്ലാ കാര്യത്തിലും സംതുലനാവസ്ഥ അനിവാര്യമാണ്. എല്ലാ സമയത്തും ഞങ്ങൾക്ക് അവരെ ആശ്രയിക്കേണ്ടിവന്നു. അവർ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ചെയ്യാൻ കഴിയുമായിരുന്ന പലതും ചെയ്തില്ല. അവർക്കായിരുന്നു എല്ലാ അധികാരവും. നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അടക്കമുള്ള സ്ഥാപനങ്ങൾ അവരുടെ നിയന്ത്രണത്തിലായിരുന്നു. ചുമതലകളും അധികാരവും ഒരേസ്ഥലത്ത് കേന്ദ്രീകരിച്ചാൽ മാത്രമേ സർക്കാരുകൾക്ക് നന്നായി പ്രവർത്തിക്കാൻ കഴിയൂ-ഇംറാൻ തുടർന്നു. നിലവിലെ സർക്കാർ രാജ്യത്തിന് വലിയ തലവേദനയാണെന്നും അദ്ദേഹം വിലയിരുത്തി.
പ്രതിപക്ഷം അവിശ്വാസപ്രമേയത്തിലൂടെ ഏപ്രിലിലാണ് ഇംറാൻ സർക്കാരിനെ പുറത്താക്കിയത്. റഷ്യ, ചൈന, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളോട് സ്വീകരിച്ച സ്വതന്ത്രവിദേശകാര്യ നയങ്ങളെ തുടർന്ന് തന്റെ സർക്കാരിനെ പുറത്താക്കാൻ യു.എസ് ഗൂഢാലോചന നടത്തിയെന്നാണ് ഇംറാൻ ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.