വെസ്റ്റ്ബാങ്കിൽ വീണ്ടും ഇസ്രായേൽ അതിക്രമം; രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsജറൂസലം: ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൂന്ന് ഫലസ്തീനികൾക്കാണ് 24 മണിക്കൂറിനിടെ ഇസ്രായേൽ അതിക്രമത്തിൽ ജീവൻ നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെ ബെത്ലഹേം നഗരമായ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിലാണ് അയ്മൻ മഹ്മൂദ് എംഹീസൻ(29) മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നുമക്കളുടെ പിതാവായ അയ്മൻ മൂന്നുവർഷം ഇസ്രായേൽ തടവറയിൽ കഴിഞ്ഞിട്ടുണ്ടെന്ന് ഫലസ്തീൻ പ്രിസണർ റൈറ്റ്സ് ഗ്രൂപ് പറഞ്ഞു.
വടക്കൻ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിലെ യബാദ് ഗ്രാമത്തിൽ സൈന്യം നടത്തിയ റെയ്ഡിൽ ബിലാൽ അവാദ് ക്വബഹ(24)മരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയ്ഡിനെ ചെറുത്ത ഫലസ്തീനികളെ ഇസ്രായേൽ ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിൽ ഫലസ്തീൻ വനിത മാധ്യമപ്രവർത്തകയായ ഗുഫ്റാൻ വരസ്നേഹി(31)നെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
മാർച്ച് 29ന് തെൽഅവീവിനടുത്ത ബിനീ ബ്രാക് നഗരത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ റെയ്ഡ് ഊർജിതമാക്കിയത്. അന്ന് ആക്രമണം നടത്തിയ ദിയ ഹമർഷേഹിന്റെ വീട് ഇസ്രായേൽ സൈന്യം തകർത്തു. ഹമർഷേഹിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.