അനന്തപത്മനാഭൻ ഐ.സി.സിയുടെ രാജ്യാന്തര അമ്പയർമാരുടെ പാനലിൽ
text_fields
തിരുവനന്തപുരം: കേരളത്തിൻെറ മുൻ രഞ്ജി ടീം ക്യാപ്റ്റൻ അനന്തപത്മനാഭൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിൻെറ (ഐ.സി.സി) രാജ്യാന്തര അമ്പയർമാരുടെ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ എലൈറ്റ് പാനലിലെത്തുന്ന ആദ്യ മലയാളിയായി അദ്ദേഹം.
ഏറെക്കാലം കേരള ടീമിൻെറ ബൗളിങ് ആക്രമണത്തില്‍ നെടുംതൂണായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ നിന്നായി 344 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 54 ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ അനില്‍ കുംബ്ലൈയുടെ ഉജ്ജ്വല മികവിനു മുന്നിൽ മറഞ്ഞതോടെയാണ് മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി കാഴ്ചവച്ചിട്ടും ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നത്.
നേരത്തെ, ഐ.പി.എല്ലിലും ഇന്ത്യയിലെ മറ്റു ആഭ്യന്തര മത്സരങ്ങളിലും അമ്പയറായിരുന്നു. അനന്തപത്മനാഭനെ കൂടാതെ സി.ഷംസുദ്ദീൻ, അനിൽ ചൗധരി, വീരേന്ദർ ശർമ എന്നിവരാണ് രാജ്യാന്തര പാനലിലുള്ള മറ്റു ഇന്ത്യക്കാരായ അമ്പയർമാർ. അതേസമയം, നിതിൻ മേനോൻ ഐ.സി.സിയുടെ എലൈറ്റ് പാനലിലും ഇടം നേടി. അന്താരാഷ്ട്ര അമ്പയറാകുന്ന നാലാമത്തെ മലയാളിയാണ് അനന്തപത്മനാഭന്‍. ബി.സി.സി.ഐയുടെ ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009 മുതൽ 2018 വരെ 61 ട്വൻറി-20 മത്സരങ്ങളിൽ അമ്പയറായി. ഒപ്പം 27 ലിസ്റ്റ് എ മത്സരങ്ങളും 58 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.
രഞ്ജി ട്രോഫിയില്‍ 1988 നവംബര്‍ 22-നാണ് അദ്ദേഹം കേരളത്തിനായി അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദില്‍ സെക്കന്തരാബാദിനെതിരെ ആയിരുന്നു അരങ്ങേറ്റ മത്സരം. 2004 ലാണ് വിരമിച്ചത്. ഒരു ഇരട്ട സെഞ്ച്വറി അടക്കം മൂന്ന് സെഞ്ച്വറികള്‍ കേരളത്തിനായി നേടിയിട്ടുണ്ട്. കേരളത്തിനുവേണ്ടി രഞ്ജിയില്‍ 2000 റണ്‍സും 200 വിക്കറ്റുകളും നേടുന്ന ആദ്യ താരമാണ് അനന്തപദ്മനാഭന്‍. 1998 മാര്‍ച്ചില്‍ ഇന്ത്യ എ ടീമിനു വേണ്ടി കളിച്ച അദ്ദേഹം ആസ്‌ട്രേലിയന്‍ പരമ്പരയില്‍ സ്റ്റീവ് വോ, ലീമാന്‍, പോണ്ടിങ് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
2007-ല്‍ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമി നടത്തുന്ന ലെവല്‍ രണ്ട് കോച്ചിങ് സര്‍ട്ടിഫിക്കറ്റ് നേടി. 2006-ല്‍ തന്നെ അദ്ദേഹം ബി.സി.സി.ഐയുടെ അമ്പയറിങ് പരീക്ഷയും വിജയിച്ചിരുന്നു. 71 രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഫീല്‍ഡ് അമ്പയര്‍ആയ അദ്ദേഹം വനിതകളുടെ ഏഴ് ടി20 മത്സരങ്ങളും നിയന്ത്രിച്ചു. 2008 മുതല്‍ അദ്ദേഹം രാജ്യത്തെ പ്രധാന ആഭ്യന്തര ടൂര്‍ണമെൻറുകളില്‍ അമ്പയറായി പ്രവര്‍ത്തിക്കുന്നു.
ജോസ് കുരിശിങ്കല്‍, ഡോ കെ എന്‍ രാഘവന്‍, എസ് ദണ്ഡപാണി എന്നിവരാണ് ഇതിന് മുമ്പ് അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള മലയാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.