‘‘അയാൾ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല’’- സിദാനെ അവഹേളിച്ച് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ മേധാവി, താരത്തെ പിന്തുണച്ച് എംബാപ്പെ
text_fieldsഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ ആരുമല്ലെന്നും അയാൾ ബന്ധപ്പെടാൻ ശ്രമിച്ചാൽ ഫോൺ പോലും എടുക്കില്ലായിരുന്നെന്നും ഫുട്ബാൾ ഫെഡറേഷൻ (എഫ്.എഫ്.എഫ്) പ്രസിഡന്റ് നോയൽ ലെ ഗ്രെയ്റ്റ് നടത്തിയ കടുത്ത പരാമർശത്തിൽ ഞെട്ടി ഫ്രഞ്ച് ഫുട്ബാൾ. പരാമർശത്തിനെതിരെ സൂപർ താരം കിലിയൻ എംബാപ്പെ ഉൾപ്പെടെ പ്രമുഖർ രംഗത്തുവന്നു.
കഴിഞ്ഞ ദിവസം റേഡിയോ ടാക് ഷോയിലായിരുന്നു ഫെഡറേഷൻ മേധാവി സിദാനെ കടന്നാക്രമിച്ചത്. ദെഷാംപ്സ് വീണ്ടും പദവിയിൽ തുടരുന്നതും സിദാൻ ബ്രസീൽ ടീം പരിശീലക പദവിയിൽ വരുന്നുവെന്ന റിപ്പോർട്ടുകളും സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിൽ മുൻ ഫ്രഞ്ച് താരത്തെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നു. ‘‘അയാൾ അവിടെ പോകുന്നുവെങ്കിൽ ഞാൻ ശരിക്കും ഞെട്ടും. അയാൾക്കു വേണ്ടത് ചെയ്യാം. അതെന്നെ അലോസരപ്പെടുത്തുന്നില്ല. അയാളുമായി ഒരിക്കൽ പോലും ഞാൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല. ദിദിയർ ദെഷാംപ്സുമായി പിരിയാൻ ഫെഡറേഷൻ ആലോചിട്ടുമില്ല. സിദാൻ അവിടെ (ബ്രസീലിൽ) പോകുന്നത് എന്നെ അലട്ടുമോ? എനിക്ക് ഒരു ചുക്കുമില്ല. അയാൾക്കു വേണ്ടിടത്ത് പോകട്ടെ. വലിയ ടീമിലേക്കോ ദേശീയ ടീമിലേക്കോ.. എങ്ങോട്ടെങ്കിലും. സിദാൻ എന്നെ ബന്ധപ്പെടാൻ ശ്രമിച്ചോ? തീർച്ചയായും ഇല്ല. അയാൾ വിളിച്ചാൽ ഞാൻ ഫോൺ പോലും എടുക്കില്ലായിരുന്നു’’- എന്നായിരുന്നു വാക്കുകൾ.
ഫ്രഞ്ച് ഫുട്ബാൾ സംഭാവന ചെയ്ത ഏറ്റവും മികച്ച താരങ്ങളിൽ മുന്നിൽനിൽക്കുന്നയാളാണ് സിനദിൻ സിദാൻ. 1998ലെ ലോകകപ്പ് കിരീടത്തിലേക്ക് ഫ്രാൻസിനെ നയിച്ച താരം രണ്ടു വർഷം കഴിഞ്ഞ് യൂറോ ചാമ്പ്യൻഷിപ്പ് നേട്ടത്തിലും ടീമിന്റെ നെടുംതൂണായി. ഒരു തവണ കൂടി സിദാൻ ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ഇറ്റലിക്കു മുന്നിൽ ടീം പരാജയപ്പെട്ടു. കളി വിട്ട് പരിശീലനത്തിലേക്കു തിരിഞ്ഞ സിദാൻ ഖത്തർ ലോകകപ്പിനു ശേഷം ഫ്രഞ്ച് ടീം പരിശീലകക്കുപ്പായത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ദെഷാംപ്സിനെ നിലനിർത്തിയ ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ മേധാവി തന്നെ സിദാനെ അപമാനിച്ചതാണ് കടുത്ത വിമർശനത്തിനിടയാക്കിയത്.
‘‘സിദാൻ എന്നാൽ ഫ്രാൻസാണ്. അദ്ദേഹത്തെ പോലൊരു ഇതിഹാസത്തോട് ഈ അനാദരം വേണ്ടായിരുന്നു’’- കിലിയൻ എംബാപ്പെ ട്വീറ്റ് ചെയ്തു. ഫെഡറേഷൻ മേധാവി മാപ്പുപറയണമെന്ന് ഫ്രഞ്ച് കായിക മന്ത്രി അമേലീ ഔഡിയ കാസ്റ്ററ ആവശ്യപ്പെട്ടു. ‘‘നാണക്കേട് തോന്നുന്ന അനാദരം. നാം ഓരോരുത്തരെയും ഇത് വേദനിപ്പിക്കുന്നു’’- കാസ്റ്ററ പറഞ്ഞു.
മുമ്പ് ലൈംഗികപീഡന പരാതിയിൽ കുടുങ്ങി അന്വേഷണം നേരിടുന്നയാളാണ് ഫെഡറേഷൻ മേധാവി.
ഏതു ടീമിനെ പരിശീലിപ്പിച്ചാലും ഫ്രഞ്ച് ടീമിന്റെ പരിശീലനത്തിന് സിദാനെ വിളിക്കില്ലെന്ന സൂചന കൂടി ലെ ഗ്രെയ്റ്റ് നൽകിയതാണ് ശരിക്കും ഞെട്ടലായത്. അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളടക്കം രംഗത്തുവന്നിട്ടും അവക്കൊപ്പം പോകാനില്ലെന്ന് സിദാൻ അറിയിച്ചിരുന്നു. എന്നാൽ, അർജന്റീനക്കു മുന്നിൽ തോറ്റ ഫ്രഞ്ച് ടീമിനെ ഇനി സിദാൻ പരിശീലിപ്പിക്കുമെന്ന സൂചനകൾ വരികയും ചെയ്തു. അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് ദെഷാംപ്സ് തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നെങ്കിലും സിദാനോട് വ്യക്തിവൈരാഗ്യമുള്ളതുപോലെ ലെ ഗ്രെയ്റ്റ് പെരുമാറിയോ എന്ന സംശയവും ബലപ്പെടുകയാണ്.
ഫ്രാൻസിനെ താരമായും പരിശീലകനായും ലോകകിരീടത്തിലേക്കു നയിച്ച പ്രമുഖനാണ് ദിദിയർ ദെഷാംപ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.