ബ്രെന്റ്ഫോഡിൽ മുങ്ങി ലിവർപൂൾ; നാലാം സ്ഥാനത്തിന് കാത്തിരിപ്പ് നീളും
text_fieldsപ്രതിരോധത്തിലെ പൊറുക്കാനാവാത്ത പാളിച്ചകളിൽ വീണ് ചെമ്പട. മുന്നേറ്റം കളി മറക്കുകയും മധ്യനിര ഇല്ലാതായി പോകുകയും ചെയ്ത ദിനത്തിൽ ബ്രെന്റ്ഫോഡാണ് ഒന്നിനെതിരെ മൂന്നു ഗോളിന് ലിവർപൂളിനെ വീഴ്ത്തിയത്.
ആദ്യ പകുതിയിൽ കോർണറിൽ അപകടമൊഴിവാക്കാനുള്ള ശ്രമം വഴിതെറ്റി സ്വന്തം പോസ്റ്റിലടിച്ച് ഇബ്രാഹിമ കൊനാട്ടെയാണ് ലിവർപൂൾ ശനിദശയുടെ വരവറിയിച്ചത്. രണ്ടുവട്ടം കൂടി സെറ്റ് പീസ് വലയിലെത്തിച്ച് ബ്രെന്റ്ഫോഡ് ആദ്യ പകുതിയിൽ ലീഡുയർത്തിയതാണെങ്കിലും വാറിൽ ഓഫ്സൈഡ് വിളി ഉയർന്നത് തുണയായി.
എന്നിട്ടും ഉണരാതെ കറങ്ങിനടന്ന ലിവർപൂൾ നിര ഒരിക്കൽ പന്ത് വലയിലെത്തിച്ചപ്പോഴും ‘വാർ’ വില്ലനായി. അതിനിടെ, യുവാൻ വിസയിലൂടെ ബ്രെന്റ്ഫോഡ് ലീഡുയർത്തുകയും ചെയ്തു. വിസ ഹെഡ് ചെയ്ത പന്ത് ലിവർപൂൾ ഗോളി അലിസൺ തട്ടിയിട്ടെങ്കിലും വരകടന്നെന്ന് കാമറക്കണ്ണുകൾ കണ്ടെത്തിയതോടെ റഫറി ഗോൾ അനുവദിക്കുകയായിരുന്നു.
ഇടവേള കഴിഞ്ഞ് മൂന്നു പേരെ മാറ്റിയിറക്കി പുതിയ പരീക്ഷണവുമായാണ് ക്ലോപ് ടീമിനെ വീണ്ടും ഇറക്കിയത്. അലക്സ് ഓക് ലേഡ് ചാംബർലെയിൻ അതിനിടെ ഒരു ഗോൾ മടക്കുകയും ചെയ്തു. ഒരിക്കൽ കൂടി പ്രതിരോധപ്പിഴവിൽ ഗോളടിച്ച് 84ാം മിനിറ്റിൽ എംബ്യൂമോ ബ്രെന്റ്ഫോഡ് വിജയം പൂർത്തിയാക്കി.
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനമെന്ന സ്വപ്നത്തിന് ഏറെ അടുത്തെത്തിയെന്ന തോന്നിച്ച മത്സരത്തിലെ വൻവീഴ്ച ലിവർപൂളിന് കനത്ത തിരിച്ചടിയാകും. സീസണിൽ ഇതുവരെ 23 പോയിന്റ് നഷ്ടപ്പെടുത്തിയ ടീം പകുതി കളി പിന്നിട്ടിട്ടും ആറാം സ്ഥാനത്ത് തുടരുകയാണ്.
മറുവശത്ത്, തുടർച്ചയായ ആറുകളികളിൽ തോൽവിയറിയാതെ കുതിക്കുകയാണ് ബ്രെന്റ്ഫോഡ്. കഴിഞ്ഞ 80 വർഷത്തിനിടെ ടീമിന്റെ ഏറ്റവും മികച്ച കുതിപ്പാണിത്. അവസാന ജയത്തോടെ ടീം പോയിന്റ് നിലയിൽ ഏഴാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.