ലോക്സഭയിലെ വനിതാ പ്രാതിനിധ്യം കുറയുന്നു...?
text_fieldsന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നിലവിൽവന്നിട്ടും ലോക്സഭയിലേക്കുള്ള വനിതകളുടെ എണ്ണത്തിൽ മുമ്പത്തേതിലും കുറവ്. 73 വനിതകളാണ് 18ാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പെട്ടത്. സഭാ പ്രാതിനിധ്യത്തിന്റെ 13ശതമാനം മാത്രമാണിത്. 78 ആയിരുന്നു കഴിഞ്ഞ ലോക്സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം.
2023 സെപ്റ്റംബർ 19ന് വനിത സംവരണ ബിൽ പാസാക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽപോലും അതിന്റെ അനുകൂല ഫലം കാണാനായില്ല. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെക്കുന്നതാണ് ഈ ബില്ല്.
ഇത്തവണ മത്സരിച്ച 8,337 സ്ഥാനാർഥികളിൽ 797 പേർ മാത്രമാണ് വനിതകൾ. ഇവരിൽ 9 ശതമാനം പേരാണ് വിജയിച്ച് പാർലമെന്റിലെത്തുന്നത്. മൊത്തം വനിത സ്ഥാനാർഥികളുടെ എണ്ണം 2019ലെ 720ൽനിന്ന് 10ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്നതാണ് നേരിയ ആശ്വാസം.
ദേശീയ പാർട്ടികളുടെ സ്ഥാനാർഥികളിൽ 12ശതമാനം മാത്രമാണ് വനിതകൾ. ബി.ജെ.പി സ്ഥാനാർഥികളിൽ 16 ശതമാനവും കോൺഗ്രസ് സ്ഥാനാർഥികളിൽ 13ശതമാനവും സ്ത്രീകളായിരുന്നു. ആം ആദ്മി പാർട്ടി വനിതകളെ നിർത്തിയില്ല. ബി.ജെ.പിയുടെ 69 വനിത സ്ഥാനാർഥികളിൽ 31 പേർ വിജയിച്ചു. കോൺഗ്രസിന്റെ 41 വനിതാ സ്ഥാനാർഥികളിൽ 13 പേരും. തൃണമൂൽ കോൺഗ്രസ് 12 വനിതകളെ നിർത്തിയതിൽ 10 പേർ വിജയിച്ചു.
797 വനിതകളിൽ 276 പേർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചെങ്കിലും ഒരാൾക്കുപോലും ജയം കാണാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.